സേവികമാര്‍ (#9795)

സകലവസ്തുക്കളും ആരുടെ ഭയാനകമായ മഹത്വത്തിലാണോ വിറകൊണ്ടത്, സകലമനുഷ്യകാര്യങ്ങളും ആരുടെ കൈകളിലാണോ ഉള്ളത്, ആരുടെ കൃപയാലും ദയയാലുമാണോ അവിടുത്തെ എല്ലാ സൃഷ്ടികളുടേയും മുഖങ്ങള്‍ തിരിച്ചിട്ടുള്ളത്! നാമങ്ങളുടെ സാമ്രാജ്യത്തില്‍ സകലനാമങ്ങള്‍ക്കും ചൈതന്യമായി അവിടുന്നു കല്പിച്ചിട്ടുള്ള അങ്ങയുടെ  നാമത്താല്‍ ഞാന്‍ അങ്ങയോടപേക്ഷിക്കുന്നു; അങ്ങയില്‍ നിന്ന് അകന്നു പോയിട്ടുള്ളവരുടെ ഏഷണികളില്‍ നിന്നും അവിടുത്തെ നാമങ്ങളുടെ സാമ്രാജ്യം ത്രസിക്കാന്‍ കാരണമായിട്ടുള്ള ഈ വെളിപാടില്‍ അവിടുത്തെ അതിഗാംഭീര്യത്തിലും, അത്യുന്നതിയിലും ഉള്ള വ്യക്തിത്വത്തിന്‍റെ സത്യത്തെ നിരാകരിച്ചവരില്‍ നിന്നും എന്നെ സംരക്ഷിച്ചാലും.
അല്ലയോ എന്‍റെ പ്രഭോ! ഞാന്‍ അവിടുത്തെ സേവികമാരില്‍ ഒരാളാണ്! അവിടുത്തെ കരുണാമയമായ ആനുകൂല്യത്തിന്‍റെ പവിത്രസ്ഥാനത്തിനു നേരെയും അവിടുത്തെ തേജസ്സിന്‍റെ പരിശുദ്ധ ദേവാലയത്തിനുനേര്‍ക്കും ഞാന്‍ എന്‍റെ മുഖം തിരിച്ചിരിക്കുന്നു. അങ്ങയുടേതല്ലാത്ത മറ്റെല്ലാറ്റില്‍ നിന്നും എന്നെ വിശുദ്ധമാക്കൂ. അങ്ങയെ സ്നേഹിക്കാനും അവിടുത്തെ സന്തോഷത്തെ പൂര്‍ത്തീകരിക്കാനും എന്നെ ശക്തയാക്കൂ. അങ്ങനെ അവിടുത്തെ സൗന്ദര്യത്തിന്‍റെ ധ്യാനത്താല്‍ ഞാന്‍ സ്വയം സന്തോഷിച്ചേക്കാം. അവിടുത്തെ സൃഷ്ടികളില്‍ ഏതിനോടെങ്കിലുമുള്ള എല്ലാ ആകര്‍ഷണത്തില്‍ നിന്നും ഞാന്‍ അകന്നുമാറിയേക്കാം. ഓരോ നിമിഷവും 'ലോകങ്ങളുടെ നാഥനായ ദൈവം വലിയവനാകട്ടെ' എന്നു പ്രഖ്യാപിച്ചേക്കാം.
അല്ലയോ എന്‍റെ പ്രഭോ, എന്‍റെ ഭോജ്യം അങ്ങയുടെ സൗന്ദര്യമാകട്ടെ. എന്‍റെ പ്രതീക്ഷ അങ്ങയുടെ സന്തോഷമാകട്ടെ. എന്‍റെ തൊഴില്‍ അങ്ങയുടെ സ്തുതി ആകട്ടെ. എന്‍റെ സഹചാരിത്വം അവിടുത്തെ സ്മരണയാകട്ടെ. എന്‍റെ സഹായം അവിടുത്തെ പരമാധികാരമാകട്ടെ. എന്‍റെ വാസസ്ഥലം അവിടുത്തെ വാസസ്ഥാനമാകട്ടെ. എന്‍റെ ഭവനം തങ്ങളുടെ പരിമിതികളാല്‍ ഒരു മറകൊണ്ട് അങ്ങയില്‍ നിന്ന് ബന്ധം വിച്ഛേദിച്ചവര്‍ക്കും മീതെ അങ്ങ് ഉയര്‍ത്തിയിട്ടുള്ള സ്ഥാനമാകട്ടെ.
സത്യമായും അധികാരവും ശക്തിയും തേജസ്സുമുറ്റ ദൈവമാണങ്ങ്.

-Bahá'u'lláh
-----------------------

സേവികമാര്‍ (#9796)

അല്ലയോ എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി.  എന്‍റെ മുഖം അങ്ങയ്ക്കു നേരെ പിടിച്ചിരിക്കുന്നു. സത്യമായും എന്‍റെ വദനം അങ്ങയുടെ വദനമാണ്. എന്‍റെ ആഹ്വാനം അങ്ങയുടെ ആഹ്വാനമാണ്. എന്‍റെ വെളിപാട് അവിടുത്തെ വെളിപാടാണ്. എന്‍റെ സ്വത്വം അവിടുത്തെ സ്വത്വമാണ്. എന്‍റെ ധര്‍മ്മം അവിടുത്തെ ധര്‍മ്മമാണ്. എന്‍റെ കല്പന അവിടുത്തെ കല്പനയാണ്. എന്‍റെ നിലനില്പ് അവിടുത്തെ നിലനില്പാണ്. എന്‍റെ പരമാധികാരം അവിടുത്തെ പരമാധികാരമാണ്. എന്‍റെ കീര്‍ത്തി അവിടുത്തെ കീര്‍ത്തിയാണ്. എന്‍റെ ശക്തി അവിടുത്തെ ശക്തിയാണ്.
അനശ്വരതയുടെ രാജാവും സമൂഹങ്ങളെ ആവിഷ്ക്കരിച്ചവനും ആയവനേ, അവിടുത്തെ സതീത്വണ്‍ത്തിന്‍റെ ദേവാലയത്തിനുള്ളില്‍ അവിടുത്തെ സേവികമാരെ സംരക്ഷിച്ചാലും, അവിടുത്തെ ദിനങ്ങള്‍ക്ക് ഉചിതമല്ലാത്ത അവരുടെ പ്രവൃത്തികള്‍ ഇല്ലാതാക്കിയാലും. എന്‍റെ ദൈവമേ, അവരില്‍ നിന്ന് എല്ലാ സംശയങ്ങളും വിഫലഭാവനകളും എടുത്തു മാറ്റേണമേ. അല്ലയോ നാമങ്ങളുടെ പ്രഭുവായവനേ, വചനത്തിന്‍റെ ഉറവ ആയവനേ, അവിടുന്നുമായുള്ള അവരുടെ ബന്ധുത്വം ഇല്ലാതായിത്തീരുന്ന  എന്തില്‍ നിന്നും അവരെ പവിത്രീകരിച്ചാലും. മുഴുവന്‍ സൃഷ്ടിയുടേയും കടിഞ്ഞാണ്‍ ആരുടെ പിടിയിലാണോ അവനാണ് അങ്ങ്.
സര്‍വ്വശക്തനും അത്യുന്നതനും സര്‍വ്വതേജസ്വിയും സ്വയം നിലനില്‍ക്കുന്നവനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

സേവികമാര്‍ (#9797)

എന്‍റെ ദൈവമേ! എന്‍റെ പ്രിയനേ! എന്‍റെ അഭിലാഷമേ!
എന്‍റെ ഏകാന്തതയില്‍ എനിക്കു തുണയായും, എന്‍റെ പലായനത്തില്‍ സഹചാരിയുമായിരിക്കേണമേ! എന്‍റെ ദുഃഖങ്ങള്‍ അകറ്റിയാലും, അവിടുത്തെ സൗന്ദര്യത്തിനായി ഞാന്‍ അര്‍പ്പിതനാവട്ടെ. അങ്ങൊഴികെയുള്ള സകലതില്‍ നിന്നും എന്നെ വിമോചിപ്പിച്ചാലും, അവിടുത്തെ പവിത്രതയുടെ സൗരഭ്യത്താല്‍ എന്നെ സമാകര്‍ഷിച്ചാലും. അങ്ങൊഴികെയുള്ള സകലതില്‍ നിന്നും മുക്തരായവരോടും അവിടുത്തെ തിരുസന്നിധാനത്തില്‍ പരിസേവ ചെയ്യാന്‍ കൊതിപൂണ്ടവരോടും അവിടുത്തെ തിരുധര്‍മ്മത്തില്‍ വര്‍ത്തിക്കാന്‍ നിലകൊള്ളുന്നവരോടും കൂടി, അങ്ങയുടെ സാമ്രാജ്യത്തില്‍ സഹവര്‍ത്തിക്കുവാന്‍ എനിക്കു സംഗതിയാകേണമേ. അവിടുത്തെ സല്‍പ്രീതിക്കു ഭാജനമായ ഒരു ദാസിയായിത്തീരാന്‍ എനിക്കു കഴിവു നല്‍കിയാലും. സത്യമായും, അങ്ങാണ് ദയാപരനും, ഔദാര്യനിധിയും.

-`Abdu'l-Bahá
-----------------------

സേവികമാര്‍ (#9798)

അല്ലയോ സര്‍വ്വതേജസ്വിയായ പ്രഭോ! അവിടുത്തെ ഈ കൊച്ചു സേവികയെ അനുഗൃഹീതയും സന്തുഷ്ടയുമാക്കിയാലും; അവിടുത്തെ ഏകത്വത്തിന്‍റെ സന്നിധിയില്‍ സന്തുഷ്ടയാകാന്‍ ഇടയാക്കിയാലും. അവിടുത്തെ സ്നേഹമാകുന്ന കോപ്പയുടെ ഗഹനതയില്‍ നിന്ന് പാനം ചെയ്യാന്‍ അനുവദിച്ചാലും. അങ്ങനെ അവള്‍ അത്യാനന്ദത്താലും ആത്മീയോല്‍ക്കര്‍ഷത്താലും നിറയ്ക്കപ്പെടട്ടെ; മാധുര്യമാര്‍ന്ന സൗരഭ്യത്തെ പ്രസരിപ്പിക്കട്ടെ, അവിടുന്നു ശക്തനും പ്രബലനുമാണ്; സര്‍വ്വജ്ഞാനിയും സര്‍വ്വദര്‍ശകനുമാണ്.

-`Abdu'l-Bahá
-----------------------

സേവികമാര്‍ (#9799)

അല്ലയോ ദയാമയനായ പ്രഭോ! സാമ്രാജ്യത്തിലെ ഈ പുത്രിയുടെ മേല്‍ സ്വര്‍ഗ്ഗീയമായ സ്ഥിരീകരണം ചൊരിഞ്ഞാലും. അവിടുത്തെ ധര്‍മ്മത്തില്‍ സ്ഥിരതയും ദൃഢതയുമുള്ളവളായിത്തീരാന്‍ അവളെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. അങ്ങനെ അവള്‍ നിഗൂഢതകളുടെ പനിനീര്‍പ്പൂന്തോട്ടത്തിലെ ഒരു വാനമ്പാടിയെപ്പോലെ ഏറ്റവും വിസ്മയകരമായ സ്വരത്തില്‍ ആഭാസാമ്രാജ്യത്തില്‍ ശ്രുതിമധുരമായ കൂജനം പുറപ്പെടുവിച്ചേക്കാം; അതുവഴി എല്ലാവര്‍ക്കും സന്തോഷം കൊണ്ടുവന്നേക്കാം. സാമ്രാജ്യത്തിലെ പുത്രിമാര്‍ക്കിടയില്‍ അവള്‍ ഉയര്‍ത്തപ്പെട്ട്, അങ്ങനെ അനശ്വര ജീവിതത്തെ ആര്‍ജ്ജിക്കാന്‍ അവള്‍ പ്രാപ്തയായേക്കാം. ദാനശീലനും സര്‍വ്വസ്നേഹിയുമാണങ്ങ്.

-`Abdu'l-Bahá
-----------------------

