രാത്രി (#9821)

ദൈവമേ, എന്‍റെ ദൈവമേ, അങ്ങയില്‍ നിന്നുള്ള തങ്ങളുടെ വേര്‍പാടിനാല്‍, അങ്ങേയ്ക്കുവേണ്ടി അതിയായി ആഗ്രഹിക്കുന്നവരുടെ നേത്രങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാണ് ഉറങ്ങാന്‍ തീരുമാനിക്കുക? അവിടുത്തെ പ്രിയങ്കരരുടെ ആത്മാവുകള്‍ അവിടുത്തെ സന്നിധിയില്‍ നിന്നുള്ള തങ്ങളുടെ അകല്‍ച്ചയാല്‍ വ്രണിത ഹൃദയരാകുമ്പോള്‍ ഞാന്‍ എങ്ങനെയാണു വിശ്രമിക്കാനായി കിടക്കുക?
അല്ലയോ എന്‍റെ പ്രഭോ, എന്‍റെ ചൈതന്യത്തേയും എന്‍റെ പൂര്‍ണ്ണസത്തയേയും അവിടുത്തെ പ്രബലതയുടേയും അവിടുത്തെ സംരക്ഷണത്തിന്‍റേയും വലതുകരങ്ങളിലേക്ക് ഞാന്‍ ഏല്‍പ്പിച്ചു തരുന്നു. അവിടുത്തെശക്തിയില്‍ക്കൂടി ഞാന്‍ എന്‍റെ ശിരസ്സിനെ എന്‍റെ തലയണയില്‍ വെയ്ക്കുന്നു; അവിടുത്തെ ഇച്ഛക്കും അവിടുത്തെ സല്‍പ്രീതിക്കും അനുസരണമായി അതിനെ ഉയര്‍ത്തുന്നു. അവിടുന്നു സത്യത്തില്‍ നിലനിര്‍ത്തുന്നുവനും കാത്തുസൂക്ഷിക്കുന്നവനും സര്‍വ്വപ്രബലനും അതിശക്തനുമാണ്.
അവിടുത്തെ പ്രബലതയാണെ! നിദ്രയിലാകുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും അവിടുന്ന് അഭിലഷിക്കുന്നതല്ലാതെ മറ്റൊന്നും ചോദിക്കുന്നില്ല. ഞാന്‍ അവിടുത്തെ സേവകനാണ്; അവിടുത്തെ കരവലയത്തിലുമാണ്. അവിടുത്തെ സല്‍പ്രീതിയുടെ സൗരഭ്യത്തെ പ്രസരിപ്പിക്കുന്നതെന്തോ അതുചെയ്യുന്നതിനായി എന്നെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. ഇതു സത്യമായും എന്‍റേയും അവിടുത്തെ സാമീപ്യം ആസ്വദിക്കുന്നവരുടേയും പ്രതീക്ഷയാകുന്നു. അല്ലയോ ലോകങ്ങളുടെ നാഥനായവനേ, അങ്ങയ്ക്കു സ്തുതി ആയിരിക്കട്ടെ!

-Bahá'u'lláh
-----------------------

രാത്രി (#9822)

എന്‍റെ ദൈവമേ, എന്‍റെ ഗുരോ, എന്‍റെ അഭിലാഷങ്ങളുടെ ലക്ഷ്യസ്ഥാനമേ! നിന്‍റെ ഈ സേവകനിതാ നിന്‍റെ മേല്‍നോട്ടവും സംരക്ഷണവും പ്രാര്‍ണ്‍ത്ഥിച്ചുകൊണ്ട് നിന്‍റെ കാരുണ്യത്തിന്‍റെ രക്ഷാകേന്ദ്രത്തില്‍ തലചായ്ക്കുവാന്‍, നിന്‍റെ കടാക്ഷത്തിന്‍റെ മേലാപ്പിന്‍ കീഴില്‍ വിശ്രമിക്കുവാന്‍ തുനിയുന്നു.
എന്‍റെ പ്രഭോ! ഞാന്‍ നിന്നോട് യാചിക്കുകയാണ്, സദാ ജാഗ്രത്തായ നിന്‍റെ നയനത്താല്‍  എന്‍റെ നയനങ്ങളെ നീയല്ലാതുള്ള പാര്‍ശ്വവീക്ഷണത്തില്‍ നിന്നു രക്ഷിച്ചു നിര്‍ത്തിയാലും. അവയുടെ ദര്‍ശനശേഷിയെ നിന്‍റെ പെരുമാറ്റങ്ങളറിയുമാറ് നിന്‍റെ വെളിപാടിന്‍റെ ചക്രവാളം ദര്‍ശിക്കുമാറ് പോഷിപ്പിച്ചാലും. ആരുടെ സര്‍വ്വശക്തിത്വത്തിന്‍റെ വെളിപാടുകള്‍ക്കു മുമ്പിലാണോ ഭൗതിക ശക്തിയുടെ സാന്ദ്രസത്തുവിറകൊണ്ടത്, ആ ശക്തികേന്ദ്രം നീയാണ്. നീയല്ലാതെ മറ്റൊരു ദൈവമില്ല. 
നീ സര്‍വ്വശക്തനാണ്. സര്‍വ്വ ജേതാവാണ്. സര്‍വ്വ നിയന്താവാണ്.

-Bahá'u'lláh
-----------------------

രാത്രി (#9823)

"സത്യാന്വേഷകനേ! ദൈവം നിന്‍റെ അന്തര്‍നേത്രം തുറക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ അവിടുത്തോടു പാതിരാവില്‍ നീ കെഞ്ചിയപേക്ഷിക്കുക, പ്രാര്‍ത്ഥിക്കുക. അവിടുന്നുമായി സമ്പര്‍ക്കത്തിലാവുക- ഇങ്ങനെ മൊഴിഞ്ഞു കൊണ്ട്:"
പ്രഭോ! അങ്ങയുടെ ഏകത്വത്തിന്‍റെ സാമ്രാജ്യത്തോട് ഞാന്‍ അഭിമുഖനായിരിക്കുന്നു! അങ്ങയുടെ കാരുണ്യത്തിന്‍റെ കടലില്‍ നിമഞ്ജിതനും ആയിരിക്കുന്നു.
പ്രഭോ, ഈ ഇരുണ്ട രാത്രിയില്‍ അങ്ങയുടെ പ്രകാശങ്ങള്‍ കാട്ടിക്കൊണ്ട് എന്‍റെ ദര്‍ശനക്ഷമതയെ വര്‍ദ്ധിപ്പിച്ചാലും. അത്ഭുതകരമായ ഈ കാലഘട്ടത്തില്‍ അങ്ങയുടെ വാല്‍സല്യത്തിന്‍റെ മുന്തിരിച്ചാറില്‍ എന്നെ ആഹ്ലാദവാനാക്കിയാലും. പ്രഭോ! അങ്ങ് വിളിക്കുമ്പോള്‍ എന്നെ വിളികേള്‍പ്പിച്ചാലും. അവിടുത്തെ മഹത്വത്തിന്‍റെ  പ്രകാശം കണ്ട്, അങ്ങയുടെ അഴകില്‍ ആകൃഷ്ടനാവും വണ്ണം, എന്‍റെ മുഖത്തിനു മുമ്പില്‍ അങ്ങയുടെ സ്വര്‍ഗ്ഗ ത്തിന്‍റെ കവാടങ്ങള്‍ തുറന്നാലും.
സത്യമായും, അങ്ങാണ് ദാതാവും കരുണാമയനും ഉദാരനിധിയും ക്ഷമാവാരിധിയും.

-`Abdu'l-Bahá
-----------------------

