രക്ഷണം (#9832)

പ്രഭോ, എന്‍റെ ദൈവമേ, അവിടുത്തെ നാമം  വാഴ്ത്തപ്പെടട്ടെ! ഏതൊരു മഹത് നാമത്താല്‍ നിശ്ചിത സമയമണി മുഴക്കപ്പെടുകയും പുനരുത്ഥാനം സംഭവിക്കുകയും ആകാശ-ഭൂമികളിലെ സര്‍വ്വ ചരാചരങ്ങളും ഭയപ്പെടുകയും വിറകൊള്ളുകയും ചെയ്തുവോ, ആ നാമത്തില്‍ ഞാന്‍ അര്‍പ്പിക്കുന്നു. അവിടുത്തെ കാരുണ്യ സ്വര്‍ഗ്ഗത്തില്‍ നിന്നും അവിടുത്തെ മൃദുവായ അനുകമ്പയുടെ മേഘങ്ങളില്‍ നിന്നും അങ്ങയ്ക്കു നേരെ തിരിയുകയും അവിടുത്തെ ധര്‍മ്മത്തെ സഹായിക്കുകയും ചെയ്തിട്ടുള്ള അവിടുത്തെ സേവകരുടെ ഹൃദയങ്ങളെ സന്തോഷിപ്പിക്കുന്നതിനെ താഴേക്കു വര്‍ഷിക്കേണമേ. 
അല്ലയോ എന്‍റെ പ്രഭോ, വൃഥാ സങ്കല്പങ്ങളുടെയും വിഫലഭാവനകളുടെയും ശരങ്ങളില്‍നിന്ന് അവിടുത്തെ സേവകരേയും സേവികമാരേയും സുരക്ഷിതരാക്കിയാലും. അവിടുത്തെ കാരുണ്യത്തിന്‍റെ കരങ്ങളാല്‍ അവിടുത്തെ ജ്ഞാനത്തിന്‍റെ മൃദുവായി ഒഴുകുന്ന ജലത്തില്‍ ഒരു ഇറക്ക് അവര്‍ക്കു നല്‍കിയാലും.
സത്യമായും, അങ്ങാണ് സര്‍വപ്രബലനും അത്യുന്നതനും എന്നെന്നും പൊറുക്കുന്നവനും അത്യുദാരനും.

-Bahá'u'lláh
-----------------------

രക്ഷണം (#9833)

ആരുടെ കരങ്ങളിലാണോ സര്‍വ്വനാമങ്ങളുടെയം സാമ്രാജ്യം ഉള്ളത്, ഭൂവിലും ദ്യോവിലുമുള്ള സകലതും ആരുടെ ശക്തിയുടെ പിടിയിലാണോ ഉള്ളത്, അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ. ആരാണോ അങ്ങയുടെ അത്യുജ്ജ്വല മഹാനാമം, ആരെയാണോ അങ്ങ് അങ്ങയുടെ പാതയിലെ അങ്ങയുടെ കല്പനയുടെ കൂരമ്പുകള്‍ക്കു ഉന്നമാക്കിയത്, അവനിലൂടെ ഞാന്‍ അങ്ങയില്‍ ശരണം പ്രാപിക്കുന്നു. അല്ലയോ, അനശ്വരതയുടെ നൃപനേ, അവിടുത്തെ സൃഷ്ടികളെ അങ്ങയുടെ തേജസ്സിന്‍റെ ചക്രവാളത്തില്‍ നിന്നും മറച്ചിരിക്കുന്ന മറകളെ ചീന്തി മാറ്റേണമേ. അങ്ങനെ ഒരുപക്ഷേ അവരുടെ വദനങ്ങള്‍ അങ്ങയുടെ കാരുണ്യത്തിന്‍റെ നേര്‍ക്ക് തിരിച്ചേക്കാം, അങ്ങനെ അങ്ങയുടെ സ്നേഹദയാവായ്പിന്‍റെ പ്രഭാതകാലത്തെ അവര്‍ സമീപിച്ചേക്കാം.
അല്ലയോ എന്‍റെ ദൈവമേ! അവിടുത്തെ സേവകരെ താനേ നടക്കാന്‍ വിടരുതേ. അവിടുത്തെ വചനങ്ങളുടെ സ്വാധീനത്തില്‍ക്കൂടി അവിടുത്തെ പ്രചോദനത്തിന്‍റെ ഉദയസ്ഥാനത്തേക്കും അവിടുത്തെ വെളിപാടിന്‍റെ ഉറവയിലേക്കും അവിടുത്തെ വിവേകത്തിന്‍റെ ഖജനാവിലേക്കും അടുപ്പിച്ചാലും. ആരുടെ ശക്തിക്കും ബലത്തിനുമാണോ സകല വസ്തുക്കളും സാക്ഷ്യം വഹിച്ചിട്ടുള്ളത്, അവിടുത്തെ ഭൂമിയിലും അവിടുത്തെ സ്വര്‍ഗ്ഗത്തിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള സകലതും വിഫലമാകാന്‍ സാധ്യമാകാത്തത് ആരുടെ നിശ്ചയത്താലാണോ അവനാണ് അങ്ങ്.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയിലേക്കു വദനങ്ങള്‍ തിരിച്ചിരിക്കുന്ന അവിടുത്തെ സേവകരെ വിജയികളാക്കി മാറ്റിയാലും. അവിടുത്തെ കാരുണ്യത്തിന്‍റെ ഇരിപ്പിടത്തിനു നേരെ അവരുടെ ചുവടുകളെ നയിച്ചാലും. അങ്ങല്ലാതെ മറ്റാരിലേക്കെങ്കിലും തിരിയുന്നതും അങ്ങൊഴികെയുള്ള ആരിലേക്കെങ്കിലും തങ്ങളുടെ നേത്രങ്ങളെ ഉറപ്പിക്കുന്നതും ആയ അപകടത്തില്‍ നിന്ന് അവരെ സുരക്ഷിതരാക്കുന്നതിനെ അവരുടെ മേല്‍ താഴേക്കയച്ചാലും.
അവിടുന്ന് ഇച്ഛിക്കുന്നതിനെ ചെയ്യാനും അവിടുന്നു പ്രീതിപ്പെടുന്നതിനെ നടപ്പാക്കാനും ശക്തനാണവിടുന്ന്. കീര്‍ത്തിയുടേയും വിവേകത്തിന്‍റെയും ദൈവമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

രക്ഷണം (#9834)

എന്‍റെ പ്രഭോ! ആളുകളെല്ലാം വേദനയാലും ഈതിബാധകളാലും വിഷമിതരാണെന്നും കാതരതയാലും കഷ്ടപ്പാടാലും വലയിതരാണെന്നും അങ്ങയ്ക്കറിയാം. ഓരോ പരീക്ഷണവും മനുഷ്യനെ ആക്രമിക്കുന്നു. ഓരോ ഘോരവിപത്തും അവനെ ഒരു സര്‍പ്പം കൈയ്യേറുമ്പോഴെന്നപോലെ അസഹ്യപ്പെടുത്തുന്നു. അങ്ങയുടെ രക്ഷണത്തിന്‍റെയും സംരക്ഷണത്തിന്‍റെയും മേല്‍നോട്ടത്തിന്‍റെയും കാവലിന്‍റെയും ചിറകിന്‍ചുവട്ടിലൊഴികെ വേറെങ്ങും അവന് ഒരാശാകേന്ദ്രമോ ആശ്രമഗേഹമോ ഇല്ല.
കരുണാമയനേ! എന്‍റെ വിഭോ! അങ്ങയുടെ രക്ഷണത്തെ എന്‍റെ ആയുധപ്പുരയായും, അങ്ങയുടെ സംരക്ഷണത്തെ എന്‍റെ കവചമായും, അങ്ങയുടെ ഏകത്വത്തിന്‍റെ കവാടത്തിന്‍ മുന്നിലുള്ള എന്‍റെ വിനയത്തെ എനിക്കുള്ള മേല്‍നോട്ടമായും, അങ്ങയുടെ കാവലിനേയും പാലനത്തേയും എന്‍റെ ദുര്‍ഗ്ഗവും വാസസ്ഥാനവുമായും തീര്‍ക്കേണമേ! ആഗ്രഹത്തിലും പ്രതിലോമകരമായ പ്രത്യായനങ്ങളിലും നിന്ന് എന്നെ സംരക്ഷിക്കേണമേ! രോഗങ്ങളിലും കഷ്ടപ്പാടുകളിലും പരീക്ഷകളിലും അഗ്നിപരീക്ഷകളിലും എനിക്കു കാവലാകേണമേ!
സത്യമായും, അങ്ങാണ് രക്ഷകനും പാലകനും സംരക്ഷകനും ഇഷ്ടദാതാവും. തീര്‍ച്ചയായും, അങ്ങാണ് അങ്ങേയറ്റം കരുണാമയരില്‍വെച്ച് കരുണാമയനും.
അബ്ദുള്‍ ബഹാ.

-`Abdu'l-Bahá
-----------------------

രക്ഷണം (#9835)

ദൈവമേ, ഞങ്ങള്‍ ദയാര്‍ദ്രരാണ്. അവിടുത്തെ തുണ ഞങ്ങള്‍ക്കു നല്‍കിയാലും. ഗേഹരഹിതരായി അലയുന്നവരാണു ഞങ്ങള്‍. അവിടുത്തെ അഭയം ഞങ്ങള്‍ക്കു നല്‍കിയാലും. ഞങ്ങള്‍ ചിതറപ്പെട്ടവരാണ്; ഞങ്ങളെ ഐക്യപ്പെടുത്തിയാലും. ഞങ്ങള്‍ വഴി തെറ്റിയവരാണ്. അവിടുത്തെ ആശ്ലേഷവലയത്തില്‍ ഞങ്ങളെ ഒത്തുകൂട്ടിയാലും. ഞങ്ങള്‍ കഴിവുകള്‍ നഷ്ടപ്പെട്ടവരാണ്. ഞങ്ങള്‍ക്ക് ഒരോഹരിയും പങ്കും അവിടുന്നു നല്‍കിയാലും. ഞങ്ങള്‍ ദാഹാര്‍ത്തരാണ്. ജീവിതമാകുന്ന ഉറവയിലേക്ക് ഞങ്ങളെ നയിച്ചാലും. ഞങ്ങള്‍ ദുര്‍ബ്ബലരാണ്, ഞങ്ങള്‍ ഉണര്‍ന്ന് അവിടുത്തെ ധര്‍മ്മത്തെ സഹായിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ പാതയില്‍ ഞങ്ങളെത്തന്നെ ഒരു ത്യാഗജീവിതം പോലെ അര്‍പ്പിക്കുകയും ചെയ്യാന്‍ ഞങ്ങളെ ശക്തരാക്കിയാലും.

-`Abdu'l-Bahá
-----------------------

രക്ഷണം (#9836)

ദൈവമേ, എന്‍റെ ദൈവമേ! അഹങ്കാരത്തിന്‍റെയും മോഹങ്ങളുടെയും തിډയില്‍നിന്ന് അങ്ങയുടെ വിശ്വസ്തസേവകരെ കാത്തു രക്ഷിക്കേണമേ. പക, ദോഷം, അസൂയ എന്നിവയില്‍നിന്നും അവരെ അങ്ങയുടെ സ്നേഹാനുകമ്പയാകുന്ന ജാഗ്രതയുറ്റ കണ്ണുകളാല്‍ സംരക്ഷിക്കേണമേ. അങ്ങയുടെ സംരക്ഷണത്തിന്‍റെ അജയ്യമായ വലയത്തില്‍ അവരെ പരിരക്ഷിക്കേണമേ. മായാമോഹങ്ങളില്‍ നിന്നും അവരെ രക്ഷിക്കേണമേ. അവരെ അങ്ങയുടെ മഹത്ചിഹ്നങ്ങളുടെ പ്രത്യക്ഷഭാവങ്ങളാക്കിയാലും. അങ്ങയുടെ ദിവ്യ ഐക്യപുലരിയുടെ ദീപ്തിയുറ്റ കിരണങ്ങളാല്‍ അവരുടെ വദനങ്ങള്‍ തേജോമയമാക്കിയാലും. അങ്ങയുടെ വിശുദ്ധ സാമ്രാജ്യത്തില്‍ നിന്നും അവതീര്‍ണ്ണമാകുന്ന വചനങ്ങളാല്‍ അവരുടെ ഹൃദയത്തെ ആഹ്ലാദഭരിതമാക്കിയാലും. മഹിമയുടെ തലത്തില്‍നിന്നും ആഗമിക്കുന്ന അവിടുത്തെ സര്‍വ്വചാലകശക്തിയാല്‍ അവരുടെ ആത്മചൈതന്യത്തെ പ്രബലമാക്കിയാലും. അങ്ങ് അനുഗ്രഹദായകനും സംരക്ഷകനും സര്‍വ്വശക്തനും ദയാപരനുമാണ്.

-`Abdu'l-Bahá
-----------------------

