യോഗങ്ങള്‍ (#9814)

അല്ലയോ കരുണാമയനും സര്‍വ്വശക്തനുമായവനേ! ആത്മാവുകളുടെ ഈ യോഗം അവിടുത്തോടു കേണപേക്ഷിച്ചുകൊണ്ട് അങ്ങയ്ക്കഭിമുഖമായി തിരിഞ്ഞിരിക്കുന്നു. പരമമായ വിനയത്തോടും പരിത്യാഗത്തോടും കൂടി അവിടുത്തെ സാമ്രാജ്യത്തിനു നേര്‍ക്ക് അവര്‍ ഉറ്റുനോക്കുകയും, ക്ഷമയ്ക്കും മാപ്പിനുമായി അങ്ങയോടു യാചിക്കുകയുമാണ്. അല്ലയോ ദൈവമേ! ഈ സദസ്സിനെ അവിടുത്തേക്കു പ്രിയമുള്ളണ്‍താക്കിയാലും. ഈ ആത്മാവുകളെ പവിത്രമാക്കി അവിടുത്തെ മാര്‍ഗദര്‍ശനത്തിന്‍റെ രശ്മികള്‍ അവരുടെ മേല്‍ പതിപ്പിച്ചാലും. അവിടുത്തെ സന്തോഷ വര്‍ത്തണ്‍മാനങ്ങളാല്‍ അവരുടെ ഹൃദയങ്ങളെ പ്രകാശണ്‍പൂരിതവും അവരുടെ ചൈതന്യങ്ങളെ സന്തോഷഭരിതവുമാക്കിയാലും. അവരെയെല്ലാം അവിടുത്തെ വിശുദ്ധസാമ്രാജ്യത്തില്‍ സ്വീകരിച്ചാലും, അവിടുത്തെ നിലക്കാത്ത അനുഗ്രഹത്തെ അവര്‍ക്കു പ്രദാനം ചെയ്താലും, ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും അവരെ ആഹ്ലാദപൂരിതരാക്കിയാലും.

-`Abdu'l-Bahá
-----------------------

യോഗങ്ങള്‍ (#9815)

അല്ലയോ ദൈവമേ! സത്യമായും അവിടുത്തെ സ്നേഹസൗരഭ്യത്തിലാണു ഞങ്ങള്‍ ഇവിടെ സമ്മേളിച്ചിട്ടുള്ളത്. ഞങ്ങള്‍ അങ്ങയുടെ സാമ്രാജ്യത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അങ്ങൊഴികെ മറ്റൊന്നിനേയും ഞങ്ങള്‍ തേടുന്നില്ല. അവിടുത്തെ സല്‍പ്രീതിയൊഴികെ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. അല്ലയോ ദൈവമേ! ഈ ഭക്ഷണം സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അവിടുത്തെ ദിവ്യാന്നമാകട്ടെ. ഈ സദസ്സിനെ അവിടുത്തെ പരമോന്നതരുടെ സദസ്സാകുവാന്‍ അനുവദിച്ചാലും. അവര്‍ മനുഷ്യരാശിയെ സ്നേഹത്താല്‍ ഉണര്‍ത്തുവാന്‍ കാരണക്കാരാവുകയും മനുഷ്യവര്‍ഗ്ഗത്തിന് പ്രകാശത്തിന്‍റെ ഉറവയും ആകട്ടെ. ഭൂമിയില്‍ അവിടുത്തെ മാര്‍ഗ്ഗദര്‍ശനത്തിനുള്ള ഉപകരണങ്ങളാകട്ടെ അവര്‍. സത്യമായും അവിടുന്നു പ്രബലനാണ്. അവിടുന്നു ദായകനാണ്; അവിടുന്നു ക്ഷമിക്കുന്നവനാണ്; അവിടുന്നു സര്‍വ്വശക്തനാണ്!

-`Abdu'l-Bahá
-----------------------

യോഗങ്ങള്‍ (#9816)

ഈശ്വരാ! അവിടുത്തെ സൗന്ദര്യത്തില്‍ ആകൃഷ്ടരായിട്ടുള്ള അവിടുത്തെ സ്നേഹമയരാല്‍ ഒത്തു ചേര്‍ക്കപ്പെട്ടതും അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാലയാല്‍ ഉത്തേജിപ്പിക്കപ്പെട്ടതുമായ സദസ്സാണിത്. ഈ ആത്മാക്കളെ സ്വര്‍ഗ്ഗീയമാലാഖമാരാക്കി മാറ്റിയാലും. അവിടുത്തെ പരിശുദ്ധാത്മാവിന്‍റെ ഉച്ഛ്വാസത്തില്‍ക്കൂടി അവരെ പുനരുജ്ജീവിപ്പിച്ചാലും. അവര്‍ക്ക് വാഗ്മിത്വമുള്ള നാവുകളും മനോദാര്‍ഢ്യമുള്ള ഹൃദയങ്ങളും പ്രദാനം ചെയ്താലും. സ്വര്‍ഗ്ഗീയ ശക്തിയും കരുണാമയമായ മൃദുലവികാരങ്ങളും അവര്‍ക്ക് നല്‍കിയാലും. മനുഷ്യരാശിയുടെ ഏകത്വത്തെ വിളംബരപ്പെടുത്തുന്നവരായിത്തീരാന്‍ അവരെ ഹേതുവാക്കിയാലും. മനുഷ്യരാശിയുടെ ലോകത്തില്‍ സ്നേഹത്തിനും ഐക്യത്തിനും അവരെ കാരണമാക്കിയാലും. അങ്ങനെ അജ്ഞതയാകുന്ന സ്പര്‍ദ്ധയുടെ അപകടകരമായ ഇരുട്ട് സത്യ സൂര്യന്‍റെ പ്രകാശത്താല്‍ അപ്രത്യക്ഷമാകട്ടെ. ഈ നിരാനന്ദമായ ലോകം പ്രകാശമാനമായിത്തീരട്ടെ; ഈ ഭൗതികലോകം ചൈതന്യത്തിന്‍റെ ലോകത്തിലെ രശ്മികളെ ഉള്‍ക്കൊള്ളട്ടെ. ഈ വ്യത്യസ്ത നിറങ്ങള്‍ ഒരൊറ്റ നിറത്തിലേക്ക് ലയിക്കട്ടെ. സ്തുതിയുടെ സ്വരമാധുര്യം അവിടുത്തെ പവിത്രതയുടെ സാമ്രാജ്യത്തിലേക്ക് ഉയരട്ടെ.
സത്യമായും അങ്ങാണ് സര്‍വ്വശക്തനും സര്‍വ്വപ്രബലനും!

-`Abdu'l-Bahá
-----------------------

യോഗങ്ങള്‍ (#9817)

അല്ലയോ എന്‍റെ ദൈവമേ! അല്ലയോ എന്‍റെ ദൈവമേ! സത്യമായും ഈ സേവകര്‍ അങ്ങയിലേക്കു തിരിഞ്ഞുകൊണ്ട് അവിടുത്തെ ദയാസാമ്രാജ്യത്തോടു പ്രാര്‍ത്ഥിക്കുന്നു. സത്യമായും അവിടുത്തെ പരിശുദ്ധിയാല്‍ അവര്‍ ആകര്‍ഷിതരായിരിക്കുന്നു. അവിടുത്തെ വിസ്മയകരമായ സാമ്രാജ്യത്തില്‍ നിന്ന് സ്ഥിരീകരണം തേടിക്കൊണ്ടും, അവിടുത്തെ സ്വര്‍ഗ്ഗീയ സാമ്രാജ്യത്തെ നേടാമെന്നു പ്രതീക്ഷിച്ചുകൊണ്ടും, അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാലയാല്‍ അവര്‍ ഉത്തേജിപ്പിക്കപ്പെട്ടു. സത്യമായും അവര്‍ സത്യസൂര്യന്‍റെ പ്രകാശത്തെ അഭിലഷിച്ചുകൊണ്ട് അവിടുത്തെ അനുഗ്രഹവര്‍ഷം അതിയായി ആഗ്രഹിക്കുന്നു. അല്ലയോ പ്രഭോ! അവരെ പ്രകാശിക്കുന്ന വിളക്കുകളും കരുണണ്‍നിറഞ്ഞ ചിഹ്നങ്ങളും ഫലങ്ങള്‍ നിറഞ്ഞ വൃക്ഷങ്ങളും തിളങ്ങുന്ന നക്ഷത്രങ്ങളും ആക്കിയാലും. അവിടുത്തെ സേവനത്തിനായി അവര്‍ മുന്നോട്ടു വരുമാറാകട്ടെ. അവിടുത്തെ ആനുകൂല്യത്തിന്‍റെ വെളിച്ചത്തിനായി അതിയായി ആഗ്രഹിച്ചുകൊണ്ട്, അവിടുത്തെ സ്നഹത്തിന്‍റെ ബന്ധങ്ങളാലും കെട്ടുപാടുകളാലും, അവിടുന്നുമായി ബന്ധിപ്പിച്ചാലും. അല്ലയോ പ്രഭോ! അവരെ മാര്‍ഗ്ഗദര്‍ശനത്തിന്‍റെ ചിഹ്നങ്ങളും അവിടുത്തെ അനശ്വര സാമ്രാജ്യത്തിന്‍റെ പതാകകളും അവിടുത്തെ ദയാസാഗരത്തിലെ തിരമാലകളും അവിടുത്തെ മഹത്വമാകുന്ന പ്രകാശത്തിന്‍റെ കണ്ണാടികളും ആക്കിയാലും.
സത്യമായും അങ്ങ് ഉദാരമതിയാണ്! സത്യമായും അങ്ങ് ദയാമയനാണ്! സത്യമായും അങ്ങ് പ്രിയങ്കരനും അരുമയായവനുമാണ്!

-`Abdu'l-Bahá
-----------------------

