മാര്‍ഗനിര്‍ദേശം (#9792)

എന്‍റെ ദൈവമേ, എന്‍റെ ആരാധനയുടെ ലക്ഷ്യസ്ഥാനമേ, എന്‍റെ അഭിലാഷത്തിന്‍റെ ലക്ഷ്യമേ, സര്‍വ്വൗദാര്യനിധിയും അതിദയാലുവുമായവനേ! എല്ലാ ജീവിതവും അങ്ങയുടേതാണ്. എല്ലാ ശക്തിയും അവിടുത്തെ ശക്തിയുടെ പിടിക്കുള്ളിലാണ്. അവിടുന്ന് ഉയര്‍ത്തുന്നത് ആരെയാണോ അവര്‍ മാലാഖമാര്‍ക്കും മീതെ ഉയര്‍ത്തപ്പെടുന്നു; "സത്യമായും ഉന്നതമായ ഒരു സ്ഥലത്തേക്ക് നാം അവനെ ഉയര്‍ത്തിയിരിക്കുന്നു!" എന്ന പദവിയെ നേടുന്നു; അവിടുന്നു തരം താഴ്ത്തുന്നത് ആരെയാണോ അവരെ പൊടിയേക്കാളും താഴെയാക്കുന്നു. അല്ലാ, ഒന്നുമില്ലാത്ത അവസ്ഥയേക്കാളും കുറഞ്ഞതാക്കുന്നു.
അല്ലയോ ദൈവികാനുഗ്രഹമേ! ദുഷ്ടരും പാപികളും അശാന്തരുമാണെങ്കില്‍പോലും, "സത്യത്തിന്‍റെ ഒരു ഇരിപ്പിടം" അങ്ങയില്‍ നിന്നു ഞങ്ങള്‍ തേടുന്നു, സര്‍വ്വശക്തനായ രാജാവിന്‍റെ വദനം നോക്കുവാന്‍ അതിയായി ആഗ്രഹിക്കുന്നു. ആജ്ഞാപിക്കേണ്ടത് അവിടുന്നാണ്, എല്ലാ പരമാധികാരവും അങ്ങയുടേതാണ്. ശക്തിയുടെ സാമ്രാജ്യം അവിടുത്തെ ആജ്ഞക്കുമുമ്പില്‍ കുമ്പിടുന്നു. അവിടുന്നു ചെയ്യുന്നതെന്തും ശുദ്ധമായ നീതിയാണ്. അല്ല, കൃപയുടെ സത്താസാരമാണ്. സര്‍വ്വദയാലുവായ അവിടുത്തെ നാമത്തിന്‍റെ തിളക്കത്തില്‍ നിന്നുള്ള ഒരു രശ്മി ലോകത്തില്‍ നിന്ന് പാപങ്ങളുടെ എല്ലാ അടയാളങ്ങളേയും തുടച്ചുമാറ്റാനും അപ്രത്യക്ഷമാക്കാനും മതിയാകും. അവിടുത്തെ വെളിപാടിന്‍റെ ദിനങ്ങളിലെ മന്ദമാരുതനില്‍ നിന്നുള്ള ഒറ്റ ഉച്ഛ്വാസം സകല മനുഷ്യരാശിയേയും ഒരു നവമായ വേഷം അണിയിക്കുന്നതിനു മതിയാകും. 
അല്ലയോ സര്‍വ്വശക്തനായവനേ, അവിടുത്തെ ദുര്‍ബലരായ സൃഷ്ടികളിലേക്ക് അവിടുത്തെ ശക്തി കൃപാപൂര്‍വ്വം പ്രദാനം ചെയ്താലും. ജീവച്ഛവങ്ങളെ ജീവിപ്പിച്ചാലും. അങ്ങനെ ഒരു പക്ഷേ അവര്‍ അങ്ങയെ കണ്ടെത്തിയേക്കാം. അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശമാകുന്ന സമുദ്രത്തിലേക്കു നയിക്കപ്പെട്ടേക്കാം. അവിടുത്തെ ധര്‍മ്മത്തില്‍ ഉറച്ചവരായി നിലകൊണ്ടേക്കാം. അവിടുത്തെ സ്തുതിയുടെ സൗരഭ്യം ലോകത്തിലെ, അതു പൂര്‍വ്വ പശ്ചിമദിക്കില്‍ നിന്നേതിലായാലും, ഏതെങ്കിലും വ്യത്യസ്തമായ നാവുകളാല്‍ പുറം നാടുകളില്‍ ചൊരിയപ്പെട്ടാല്‍ അതു സത്യമായും മൂല്യമുള്ളതും വളരെ സന്തോഷകരവുമാണ്. എങ്കിലും, അത്തരം നാവുകള്‍ ആ സൗരഭ്യത്തില്‍ നിന്നു പിന്തള്ളപ്പെട്ടാല്‍ അവരുടെ വാക്കുകളും ചിന്തകളും തീര്‍ച്ചയായും ഒരു പരാമര്‍ശത്തിനും കൊള്ളരുതാത്തതാകുന്നു. 
ദൈവമേ, സകല മാനവര്‍ക്കും അവിടുത്തെ മാര്‍ഗ്ഗം കാണിച്ചു കൊടുക്കാനും അവരെ നേരായ വഴിയില്‍ നയിക്കാനും ഞങ്ങള്‍ അങ്ങയോടു യാചിക്കുന്നു. സത്യമായും അങ്ങാണ് പ്രബലനും അതിശക്തനും സര്‍വ്വജ്ഞാനിയും സര്‍വ്വദര്‍ശകനും.

-Bahá'u'lláh
-----------------------

മാര്‍ഗനിര്‍ദേശം (#9793)

വഴിപിഴച്ചു പോയിട്ടുള്ളവരെ നീതിയുള്ളവരും സډനസ്സുള്ളവരുമാക്കിത്തീര്‍ക്കാനും, എവിടെയാണ് അവര്‍ അശ്രദ്ധരായിട്ടുള്ളതെന്നുള്ളതിനെപ്പറ്റി അവരില്‍ അറിവുണ്ടാക്കിക്കൊടുക്കാനും കൃപാപൂര്‍വ്വം അവരെ സഹായിക്കാന്‍ ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. അവന്‍ സത്യത്തില്‍ സര്‍വ്വാനുഗ്രഹദായകനും, അത്യുദാരനുമാണ്. എന്‍റെ പ്രഭോ! അവിടുത്തെ കൃപയുടെ കവാടത്തില്‍ നിന്ന് അവിടുത്തെ സേവകരെ തടസ്സപ്പെടുത്തരുതേ. അവിടുത്തെ സന്നിധിയുടെ സദസ്സില്‍ നിന്ന് അവരെ തള്ളിക്കളയരുതേ. വൃഥാ ചിന്തകളുടെ ഇടയില്‍ നിന്ന് അകലെ മാറാനും വിഫലഭാവനകളുടേയും പ്രതീക്ഷകളുടേയും മറകളെ കീറിമാറ്റാനും അവരെ സഹായിക്കേണമേ. സത്യമായും, സര്‍വ്വാധികാരിയും അത്യുന്നതനുമാണങ്ങ്. സര്‍വ്വശക്തനും കരുണാവാരിധിയുമായ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

മാര്‍ഗനിര്‍ദേശം (#9794)

പ്രഭോ, എന്‍റെ ദൈവമേ, അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ! അവിടുത്തെ കവിഞ്ഞൊഴുകുന്ന അനുഗ്രഹവര്‍ഷം ചൊരിയാന്‍ ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. അത് അവിടുത്തെ വദനം കാണുകയും അങ്ങയുടെ നേരെ തിരിയുകയും ചെയ്യുന്നതില്‍ അവരെ തടസ്സപ്പെടുത്തുന്ന എന്തില്‍നിന്നും അവിടുത്തെ സേവകരുടെ ഹൃദയങ്ങളെ ശുദ്ധിയാക്കും. അങ്ങനെ അവരെല്ലാം തങ്ങളുടെ സ്രഷ്ടാവും ആവിഷ്ക്കര്‍ത്താവും ആയവനെ തിരിച്ചറിയുമാറാകും. അല്ലയോ ദൈവമേ, അവിടുത്തെ പരമാധികാര പ്രബലതയുടെ ശക്തിയിലൂടെ അത്തരമൊരു പദവിയിലേക്ക് എത്തിച്ചേരാന്‍ അവരെ സഹായിച്ചാലും. അങ്ങനെ അവര്‍ അവിടുത്തെ അത്യുന്നതവും വാഴ്ത്തപ്പെട്ടതുമായ നാമവാഹകന്‍റെ വസ്ത്രസൗരഭ്യത്തില്‍ നിന്ന് സകല ദുര്‍ഗന്ധങ്ങളേയും വേര്‍തിരിച്ചറിയാന്‍ കഴിയുമാറാകട്ടെ. അങ്ങനെ അവര്‍ സര്‍വ്വസ്നേഹത്തോടുകൂടി അങ്ങയിലേക്കു തിരിയുമാറാകട്ടെ. ഭൂവിലും ദ്യോവിലുമുള്ള സകലതും നല്‍കിയാലും തങ്ങളുടെ ശ്രദ്ധയ്ക്ക് അനര്‍ഹമായതായി അതിനെ കരുതി അങ്ങയെ സ്മരിക്കുന്നതിനും അവിടുത്തെ ഗുണങ്ങളെ വാഴ്ത്തുന്നതിനും വിരാമമിടാന്‍ വിസമ്മതിക്കുകയും ചെയ്യുമാറ് അങ്ങയോട് അത്തരമൊരു വളരെ അടുത്ത സംവാദത്തെ അവര്‍ ആസ്വദിക്കുമാറാകട്ടെ.
അല്ലയോ എന്‍റെ പ്രിയങ്കരനേ, എന്‍റെ ഹൃദയാഭിലാഷമേ! ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ വദനം തേടിയ അവിടുത്തെ സേവകനെ, അങ്ങയെ നിരസിച്ചിട്ടുള്ളവരുടെ അസ്ത്രങ്ങളില്‍ നിന്നും, അവിടുത്തെ സത്യത്തെ നിരാകരിച്ചവരുടെ ബാണങ്ങളില്‍ നിന്നും സംരക്ഷിച്ചാലും. അങ്ങയോടു പൂര്‍ണ്ണമായും അര്‍പ്പിതമായിരിക്കുവാനും അവിടുത്തെ നാമം വിളംബരപ്പെടുത്താനും അവിടുത്തെ വെളിപാടിന്‍റെ ദേവാലയത്തിനുമേല്‍ തന്‍റെ ദൃഷ്ടികളെ പതിപ്പിക്കാനും അവനെ ഹേതുവാക്കിയാലും. സത്യത്തില്‍ അങ്ങ് യാതൊരു വേളയിലും അങ്ങയില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളവരെ അവിടുത്തെ ദയയുടെ കവാടങ്ങളില്‍ നിന്ന് തിരിച്ചുകളയുകയോ അങ്ങയെ തേടിയെത്തിയവരെ അവിടുത്തെ കൃപയുടെ സദസ്സിനെ ആര്‍ജ്ജിക്കുന്നതില്‍ നിന്നും തടയുകയോ ഇല്ല. സര്‍വ്വശക്തനും അത്യുന്നതനും, വിപദ്രക്ഷകനും, സര്‍വ്വതേജസ്വിയും, സര്‍വ്വപ്രേരകനും, നിരൂപാധികനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

