മാപ്പ് (#9786)

*(ബഹാഉള്ളയുടെ ഒമ്പതാമത്തെ സുവിശേഷങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥന.)
*.......... മനുഷ്യ ജീവികളുടെ മുമ്പില്‍ പാപങ്ങളും വ്യഭിചാരണങ്ങളും ഏറ്റുപറയുന്നത് അനുവദിക്കത്തക്കതല്ല........പാപി അവനും ദൈവവും അറിയുന്നവിധം അനുകമ്പാ സമുദ്രത്തില്‍ നിന്ന് അനുകമ്പയാചിക്കണം. ഉദാരതയുടെ സ്വര്‍ഗത്തില്‍ നിന്ന് മാപ്പ് അപേക്ഷിക്കണം. ഇങ്ങനെ പറയുകയും വേണം.


എന്‍റെ പ്രഭോ, അങ്ങേയ്ക്കു നേരെ മുഖം തിരിച്ചിട്ടുള്ളവനും അവിടുത്തെ കൃപയുടെ വിസ്മയങ്ങളിലും അവിടുത്തെ ഔദാര്യത്തിന്‍റെ വെളിപാടുകളിലും തന്‍റെ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ളവനുമായ ഒരുവനാണു ഞാന്‍. അവിടുത്തെ ദയയുടെ കവാടത്തില്‍ നിന്ന് നിരാശാഭരിതനായി തിരിഞ്ഞു കളയുകയോ അവിടുത്തെ ധര്‍മ്മത്തെ നിരസിച്ചിട്ടുള്ള അവിടുത്തെ അത്തരം സൃഷ്ടികളിലേക്ക് എന്നെ ഉപേക്ഷിക്കുകയോ ചെയ്യാന്‍ അവിടുന്ന് എന്നെ അനുവദിക്കരുതേ എന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ ദൈവമേ, ഞാന്‍ അവിടുത്തെ സേവകനാണ്, സേവകന്‍റെ പുത്രനാണ്. അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ സത്യം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടുത്തെ ഏകത്വത്തെ ഏറ്റു പറഞ്ഞും അവിടുത്തെ ഐക്യത്തെ സ്വീകരിച്ചും അവിടുത്തെ മാപ്പിനും ക്ഷമക്കും വേണ്ടി പ്രതീക്ഷിച്ചും അവിടുത്തെ ഏകത്വത്തിന്‍റെ തീരങ്ങള്‍ക്കുനേരെ എന്‍റെ ചുവടുകളെ നയിച്ചിട്ടുമുണ്ട്. അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സര്‍വ്വപ്രകീര്‍ത്തിതനും എന്നെന്നും പൊറുക്കുന്നവനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

മാപ്പ് (#9787)

പ്രഭോ, എന്‍റെ ദൈവമേ, അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരാലും അവിടുത്തെ വിശ്വാസത്തിന്‍റെ വാഹകരാലും അവിടുത്തെ പ്രവാചകരുടെയും അവിടുത്തെ സന്ദേശവാഹകരുടേയും മുദ്രയെന്ന് അവിടുന്നു കല്‍പ്പിച്ചിട്ടുള്ളവനാലും ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു; അവിടുത്തെ സ്മരണയെ എന്‍റെ സഹചാരിയാകാനും അവിടുത്തെ സ്നേഹം എന്‍റെ ഉദ്ദേശ്യമാവാനും, അവിടുത്തെ വദനം എന്‍റെ ലക്ഷ്യമാകാനും അവിടുത്തെ നാമം എന്‍റെ വിളക്കാകാനും അവിടുത്തെ ആഗ്രഹം എന്‍റെ അഭിലാഷമാവാനും അവിടുത്തെ സംപ്രീതി എന്‍റെ സന്തോഷമാകാനും അനുവദിക്കേണമേ.
എന്‍റെ പ്രഭോ, ഞാനൊരു പാപിയാണ്; അവിടുന്ന് എന്നെന്നും പൊറുക്കുന്നവനാണ്. അങ്ങയെ തിരിച്ചറിഞ്ഞ ഉടനെ അവിടുത്തെ സ്നേഹകാരുണ്യമാകുന്ന ഉന്നത സദസ്സിനെ നേടാന്‍ ഞാന്‍ പാഞ്ഞടുത്തു. എന്‍റെ പ്രഭോ, അവിടുത്തെ നല്ല സന്തോഷത്തിന്‍റെ മാര്‍ഗ്ഗങ്ങളിലൂടെ നടക്കുന്നതില്‍ നിന്നും അവിടുത്തെ ഏകത്വത്തിന്‍റെ സമുദ്രതീരത്തെ പ്രാപിക്കുന്നതില്‍ നിന്നും എനിക്കു പ്രതിബന്ധമുണ്ടാക്കിയിട്ടുള്ള എന്‍റെ പാപങ്ങള്‍ക്ക് എനിക്കു മാപ്പു തന്നാലും. 
അല്ലയോ എന്‍റെ പ്രഭോ, എന്‍റെ വദനത്തെ തിരിക്കാന്‍ കഴിയുന്നതും എന്നോട് ഔദാര്യത്തോടെ ഇടപഴകാന്‍ കഴിയുന്നതുമായ ആരും തന്നെ ഇല്ല. ദയയ്ക്കുവേണ്ടി ഞാന്‍ അര്‍ത്ഥിക്കത്തക്കവിധം എന്നോടു  അനുകമ്പയുള്ളവരായും ആരും തന്നെ ഇല്ല. അവിടുത്തെ ആനുകൂല്യത്തിന്‍റെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ എന്നും അവിടുത്തെ ഉദാരതയുടേയും അനുഗ്രഹത്തിന്‍റേയും ചൊരിയല്‍ എന്നില്‍ നിന്നും അങ്ങു തടഞ്ഞുവയ്ക്കരുതേ എന്നും ഞാന്‍ അങ്ങയോടു യാചിക്കുന്നു. അല്ലയോ എന്‍റെ പ്രഭോ, അങ്ങയെ സ്നേഹിക്കുന്നവര്‍ക്കായി അങ്ങു കല്‍പ്പിച്ചിട്ടുള്ളതിനെ എനിക്കായി കല്‍പ്പിച്ചാലും. അങ്ങയുടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി അങ്ങു കുറിച്ചിട്ടിട്ടുള്ളവ എനിക്കായി കുറിച്ചാലും. എല്ലാ സമയങ്ങളിലും അവിടുത്തെ ദയാപൂര്‍വ്വമായ അനുഗ്രഹത്തിന്‍റെ ചക്രവാളത്തിലേക്കാണ് എന്‍റെ ദൃഷ്ടികളെ ഞാന്‍ ഉറപ്പിച്ചിട്ടുള്ളത്. എന്‍റെ നേത്രങ്ങള്‍ അവിടുത്തെ മൃദുവായ കാരുണ്യങ്ങളുടെ സദസ്സിനു മേലേയ്ക്കു ചായ്ച്ചിരിക്കുന്നു. അവിടുത്തേക്ക് ഉചിതമായത് എന്നോട് ചെയ്താലും. സര്‍വ്വമനുഷ്യരാലും സഹായം അര്‍ത്ഥിക്കപ്പെട്ടിരിക്കുന്ന, തേജസ്സിന്‍റെ ദൈവമായ, ശക്തിയുടെ ദൈവമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

മാപ്പ് (#9788)

അല്ലയോ ദൈവമേ, എന്‍റെ ദൈവമേ! ഏറ്റവും പ്രശസ്തമായ രക്തസാക്ഷിത്വത്തിന്‍റെ ആസ്ഥാനമായ ഐശ്വര്യത്തിന്‍റെ കൊടുമുടിയിലേക്ക് തിടുക്കപ്പെട്ടുപോകത്തക്കവണ്ണം നിന്‍റെ മധുരമായ വചനത്താല്‍ ഏവര്‍ ആകര്‍ഷിക്കപ്പെട്ടുവോ അങ്ങനെയുള്ള നിന്‍റെ യഥാര്‍ത്ഥഭക്തډാരുടെ ചോരയാല്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു; നിന്‍റെ അറിവില്‍ പ്രതിഷ്ഠിതമായ നിന്‍റെ രഹസ്യങ്ങളാണെ, നിന്‍റെ സമൃദ്ധിയുടെ സമുദ്രത്തില്‍ നിധിയായികിടക്കുന്ന മുത്തുകളാണെ, ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു. എനിക്കും എന്‍റെ അച്ഛനും എന്‍റെ അമ്മയ്ക്കും മാപ്പുതരിക. കാരുണ്യം കാണിക്കുന്നവരില്‍ വച്ച്, സത്യത്തില്‍, നീയാണ് ഏറ്റവും കാരുണികന്‍ ആയിട്ടുള്ളത്. എന്നും മാപ്പ് നല്‍കുന്ന, എല്ലാ സമൃദ്ധികളും തികഞ്ഞ നീയല്ലാതെ വേറെ ദൈവം ഇല്ല.
അല്ലയോ നാഥാ! പാപികളില്‍ സാരമായിട്ടുള്ള ഇവന്‍ നിന്‍റെ ആനുകൂല്യത്തിന്‍റെ സമുദ്രത്തിലേക്ക് തിരിയുന്നു. ദുര്‍ബലനായ ഈയുള്ളവന്‍ നിന്‍റെ ദിവ്യമായ ശക്തിയുടെ രാജ്യം തേടുന്നു; ഈ സാധുവായ ജീവി നിന്‍റെ ധനമാകുന്ന പകല്‍ നക്ഷത്രത്തിലേക്കു ചാഞ്ഞിരിക്കുന്നു. നീ ഇതൊക്കെ കാണുന്നു. നിന്‍റെ കാരുണ്യവും കൃപയുംകൊണ്ടു, നാഥാ, നീ അവനെ നിരാശപ്പെടുത്തരുതേ, നിന്‍റെ ദിനങ്ങളില്‍ നിന്‍റെ സമൃദ്ധിയുടെ വെളിപാടുകളില്‍ നിന്ന് അവനെ മാറ്റി നിര്‍ത്തരുതേ, നിന്‍റെ സ്വര്‍ഗ്ഗത്തിലും നിന്‍റെ ഭൂമിയിലും താമസിക്കുന്ന എല്ലാവര്‍ക്കുമായി നീ മലര്‍ക്കെ തുറന്ന നിന്‍റെ വാതില്‍ക്കല്‍ നിന്ന് അവനെ ഓടിച്ചു കളയരുതേ.
കഷ്ടം! കഷ്ടം! എന്‍റെ പാപങ്ങള്‍ നിന്‍റെ പരിശുദ്ധിയുടെ കോടതിയെ സമീപിക്കുന്നതില്‍ നിന്നും എന്നെ തടസ്സപ്പെടുത്തിയിരിക്കുന്നു. എന്‍റെ അതിക്രമങ്ങള്‍ കാരണം നിന്‍റെ മാഹാത്മ്യത്തിന്‍റെ പരിശുദ്ധ കൂടാരത്തില്‍ നിന്നു ഞാന്‍ തെറ്റി മാറിയിരിക്കുന്നു. നീ ചെയ്യരുതെന്ന് എന്നോടു കല്പിച്ചത് ഞാന്‍ ചെയ്യുകയും, ആചരിക്കണമെന്ന് എന്നോടു വിധിച്ചത് ഞാന്‍ മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
നാമങ്ങളുടെ പരമനാഥനായ നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. നിന്‍റെ അടുത്തേക്കു വരാന്‍ എനിക്കു കഴിവുണ്ടാക്കുന്നതും എനിക്കും നിന്‍റെ മാപ്പ്, ക്ഷമ എന്നിവയ്ക്കും ഇടയില്‍ നിന്നിട്ടുള്ള എന്‍റെ അതിക്രമണങ്ങളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കുന്നതും ആയതെന്തോ അത് നിന്‍റെ സമൃദ്ധിയുടെ പേനകൊണ്ട് എനിക്കുവേണ്ടി എഴുതുക.
സത്യമായും അങ്ങു പ്രബലനും ഔദാര്യനിധിയുമാണ്. ശക്തനും ദയാലുവുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

മാപ്പ് (#9789)

പ്രഭോ, എന്‍റെ ദൈവമേ! അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. അങ്ങയെ സ്മരിക്കുവാനായി ഓരോ പ്രാവശ്യവും ഞാന്‍ തുനിയുമ്പോള്‍ എന്‍റെ ശക്തിയേറിയ പാപങ്ങളാലും അങ്ങയ്ക്കെതിരെയുള്ള വേദനാകരമായ തെറ്റുകളാലും ഞാന്‍ പിന്നോട്ടുവലിയുന്നു, അവിടുത്തെ കാരുണ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയപ്പെട്ടതായി എന്നെ സ്വയം കണ്ടെത്തുന്നു; അവിടുത്തെ സ്തുതി ആഘോഷിക്കാന്‍ പാടേ അശക്തനായിരിക്കുന്നു. എങ്ങനെണ്‍യായാലും അവിടുത്തെ അനുഗ്രഹത്തിലുള്ള എന്‍റെ മഹത്തായ വിശ്വാസം അങ്ങയിലുള്ള എന്‍റെ പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കുന്നു. അങ്ങ് എന്നെ ഔദാര്യപൂര്‍വ്വം കൈകാര്യം ചെയ്യുമെന്നും അങ്ങയെ അതിയായി പ്രശംസിക്കുന്നതിന് എന്നെ ധൈര്യപ്പെടുത്തുമെന്നുമുള്ളതും അങ്ങു കൈവശം വെയ്ക്കുന്നവക്കായി അങ്ങയോടു ചോദിക്കുന്നതും എന്‍റെ വിശ്വാസമാണ്.
എന്‍റെ ദൈവമേ, സൃഷ്ടിക്കപ്പെട്ട സകല വസ്തുക്കളേയും അതിശയിക്കുന്ന അങ്ങയുടെ കൃപയാലും അവിടുത്തെ നാമങ്ങള്‍ സാക്ഷ്യം വഹിക്കുന്ന സമുദ്രങ്ങള്‍ക്കു താഴെ നിമഞ്ജനം ചെയ്യപ്പെട്ട സകലതിനാലും ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു, എന്നെ എന്നിലേക്കു തന്നെ ഉപേക്ഷിക്കരുതേ, എന്തെന്നാല്‍ എന്‍റെ ഹൃദയം മോശമായതിലേക്കു ഉډുഖമാകുന്നു. അവിടുത്തെ സംരക്ഷണത്തിന്‍റെ കോട്ടയ്ക്കുള്ളിലും അവിടുത്തെ ശ്രദ്ധയുടെ ആശ്രയത്തിലും എന്നെ സംരക്ഷിക്കേണമേ. എന്‍റെ ദൈവമേ, അവിടുത്തെ പ്രബലതയുടെ ശക്തിയാല്‍ അങ്ങു നിശ്ചയിച്ചിട്ടുള്ളതുമാത്രം ആഗ്രഹിക്കുന്ന ഒരുവനാണു ഞാന്‍. എനിക്കു വേണ്ടി ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളതെല്ലാം അവിടുത്തെ കാരുണ്യപൂര്‍വ്വമുള്ള നിയമനങ്ങളാലും അവിടുത്തെ ഇച്ഛയുടെ ഭരണത്താലും സഹായിക്കപ്പെട്ടതും അവിടുത്തെ വിധിയുടേയും ന്യായത്തിന്‍റേയും ലക്ഷണങ്ങളാല്‍ സഹാണ്‍യിക്കണ്‍പ്പെട്ടതുമാകുന്നു.
അല്ലയോ, അങ്ങയ്ക്കുവേണ്ടി ദാഹിക്കുന്ന ഹൃദയങ്ങള്‍ക്കു പ്രിയങ്കരനായവനേ, അവിടുത്തെ ധര്‍മ്മത്തിന്‍റെ അവതാരങ്ങളാലും അവിടുത്തെ പ്രചോദനത്തിന്‍റെ പകലുറവകളാലും, അവിടുത്തെ മഹത്വത്തിന്‍റെ അടയാളങ്ങളാലും, അങ്ങയുടെ അറിവിന്‍റെ ഖജനാവിനാലും, ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു; അവിടുത്തെ വിശുദ്ധവാസസ്ഥാനത്തില്‍ നിന്ന്, അവിടുത്തെ ദേവാലയത്തില്‍ നിന്ന്, അവിടുത്തെ കുടീരത്തില്‍ നിന്ന് പിന്തള്ളപ്പെടാന്‍ എനിക്കിടയാകരുതേ. എന്‍റെ പ്രഭോ, അവിടുത്തെ പവിത്രമായ സദസ്സില്‍ എത്താനും അവന്‍റെ വ്യക്തിത്വത്തിന് ചുറ്റും വലം വെയ്ക്കാനും അവന്‍റെ കവാടത്തിനു മുമ്പില്‍ വിനയത്തോടെ നിലകൊള്ളാനും എന്നെ  സഹായിച്ചാലും.
അനശ്വരതയില്‍ നിന്ന് അനശ്വരതയിലേക്കുള്ള ശക്തി ആരുടേതാണോ അവനാണ് അവിടുന്ന്. അവിടുത്തെ അറിവില്‍ നിന്ന് ഒന്നും രക്ഷപ്പെടുന്നില്ല. അവിടുന്നു സത്യമായും ശക്തിയുടെ ദൈവമാണ്, കീര്‍ത്തിയുടേയും വിവേകത്തിന്‍റേയും ദൈവമാണ്.
ലോകങ്ങളുടെ നാഥനായവന് സ്തുതിആയിരിക്കട്ടെ!

-Bahá'u'lláh
-----------------------

മാപ്പ് (#9790)

എന്‍റെ പ്രഭോ അങ്ങേക്കു സ്തുതി! പാപികളായ ഞങ്ങള്‍ക്കു മാപ്പു തന്നാലും, ഞങ്ങളുടെ മേല്‍ കൃപ ചൊരിഞ്ഞാലും, അങ്ങയിലേക്കു മടങ്ങാന്‍ ഞങ്ങളെ പ്രാപ്തരാക്കിയാലും. അങ്ങൊഴികെയുള്ള മറ്റൊന്നിനേയും ആശ്രയിക്കാന്‍ ഞങ്ങള്‍ക്കിടയാക്കരുതേ, അവിടുന്ന് സ്നേഹിക്കുന്നതും അഭിലഷിക്കുന്നതും അവിടുത്തേക്ക് ഏറ്റവും അനുയോജ്യവുമായ അവിടുത്തെ ദാനശീലത്തിലൂടെ ഞങ്ങളെ അനുഗ്രഹിച്ചാലും. അങ്ങയില്‍ സത്യമായും വിശ്വസിച്ചിട്ടുള്ളവരുടെ പദവിയെ ഉയര്‍ത്തിയാലും. അവിടുത്തെ കൃപാപുരസ്സരമായ മാപ്പിനാല്‍ അവരോടു പൊറുത്താലും. സത്യമായും വിപദ്രക്ഷകനും സ്വയം വൃത്തിയുമാണങ്ങ്.

-The Báb
-----------------------

മാപ്പ് (#9791)

അല്ലയോ ക്ഷമാവാരിധിയായ പ്രഭോ! അവിടുത്തെ ഈ സേവകരുടെ അഭയസ്ഥാനം അങ്ങാണ്. അവിടുന്നു നിഗുഢതകളെ അറിയുന്നു; സകലവസ്തുക്കളേയും അറിയുന്നു. ഞങ്ങളെല്ലാം നിസ്സഹായരാണ്. അവിടുന്നു പ്രബലനും സര്‍വ്വശക്തനുമാണ്, ഞങ്ങളെല്ലാം പാപികളാണ്, അവിടുന്നു പാപങ്ങള്‍ പൊറുക്കുന്നവനാണ്,ദയാമയനാണ്, അനുകമ്പയുള്ളവനാണ്. 
എന്‍റെ പ്രഭോ! ഞങ്ങളുടെ കുറവുകളിലേക്കു നോക്കരുതേ. അവിടുത്തെ കൃപയ്ക്കും ഔദാര്യത്തിനും അനുസരിച്ച് ഞങ്ങളെ കൈകാര്യം ചെയ്താലും. ഞങ്ങളുടെ കുറവുകള്‍ വളരെയേറെയാണ്. എന്നാല്‍ അവിടുത്തെ മാപ്പിന്‍റെ സമുദ്രം സീമാതീതമാണ്. ഞങ്ങളുടെ ദുര്‍ബ്ബലത ദുഃഖകരമാണ്. എന്നാല്‍ അവിടുത്തെ സഹായത്തിന്‍റെയും തുണയുടേയും തെളിവുകള്‍ വ്യക്തമാണ്. ആയതിനാല്‍ ഞങ്ങളെ സ്ഥിരീകരിച്ചാലും, ശക്തിപ്പെടുത്തിയാലും. അവിടുത്തെ വിശുദ്ധദേവാലയത്തിനുചിതമായത് ചെയ്യാന്‍ ഞങ്ങളെ പ്രാപ്തരാക്കിയാലും. ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശമാനമാക്കിയാലും. കാണുന്ന കണ്ണുകളും ശ്രവിക്കുന്ന ശ്രോത്രങ്ങളും ഞങ്ങള്‍ക്കേകിയാലും. മൃതരായവരെ പുനരുജ്ജീവിപ്പിച്ചാലും, രോഗബാധിതരെ സുഖപ്പെടുത്തിയാലും. പാവങ്ങളുടെ മേല്‍ സമൃദ്ധി ചൊരിഞ്ഞാലും. കാരുണ്യശീലര്‍ക്കു സമാധാനവും സുരക്ഷിതത്വവും നല്‍കിയാലും. അവിടുത്തെ സാമ്രാജ്യത്തില്‍ ഞങ്ങളെ സ്വീകരിച്ചാലും. മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ വെളിച്ചത്താല്‍ ഞങ്ങളെ പ്രകാശമാനമാക്കിയാലും. അങ്ങു പ്രബലനും സര്‍വശക്തനുമാണ്. ഔദാര്യനിധിയും ക്ഷമാവാരിധിയും ദയാലുവുമാണങ്ങ്.

-`Abdu'l-Bahá
-----------------------

