മാതാപിതാക്കള്‍ (#9824)

അല്ലയോ പ്രഭോ, ഞങ്ങളുടെ താണുവീണു കേണപേക്ഷിക്കുന്ന കരങ്ങള്‍ അവിടുത്തെ ആനുകൂല്യത്തിന്‍റേയും അനുഗ്രഹത്തിന്‍റേയും നേരെ ഉയര്‍ത്തിയിരിക്കുന്നത് അവിടുന്നു കാണുന്നുണ്ട്. അവിടുത്തെ മഹാദാനശീലത്തിന്‍റേയും ഉദാരമായ ആനുകൂല്യങ്ങളുടേയും നിധികളാല്‍ അവ നിറയ്ക്കപ്പെടാനായി അനുമതി നല്‍കിയാലും. ഞങ്ങള്‍ക്കും ഞങ്ങളുടെ മാതാപിതാക്കള്‍ക്കും മാപ്പു തന്നാലും. അവിടുത്തെ കാരുണ്യത്തിന്‍റേയും ദൈവീകമായ ഉദാരതയുടേയും സമുദ്രത്തില്‍ നിന്ന് ഞങ്ങള്‍ അഭിലഷിച്ചിട്ടുള്ളതെന്തോ അതിനെ പൂര്‍ത്തീകരിച്ചാലും. അല്ലയോ, ഞങ്ങളുടെ ഹൃദയങ്ങള്‍ക്കു പ്രിയങ്കരനായവനേ, അവിടുത്തെ പാതയിലുള്ള ഞങ്ങളുടെ എല്ലാ പ്രയത്നങ്ങളേയും സ്വീകരിച്ചാലും. സത്യമായും അങ്ങാണ് അതിശക്തനും അത്യുന്നതനും അനുപമനും ഏകനും പൊറുക്കുന്നവനും കൃപാലുവും.

-Bahá'u'lláh
-----------------------

മാതാപിതാക്കള്‍ (#9825)

അല്ലയോ എന്‍റെ ദൈവമേ, ഞാന്‍ അങ്ങയോടു മാപ്പു യാചിക്കുന്നു. അവിടുത്തെ സേവകരെ സ്വയം അങ്ങയിലേക്കു നയിക്കുവാന്‍ അങ്ങ് ആഗ്രഹിച്ച രീതിക്ക് ഞാന്‍ മാപ്പിനായി കേണപേക്ഷിക്കുന്നു. അവിടുത്തെ പ്രഭുത്വത്തിനുചിതമായതുപോലെ ഞങ്ങളുടെ പാപങ്ങളെ കഴുകിക്കളയാനും, എന്നോടും എന്‍റെ മാതാപിതാക്കളോടും അവിടുത്തോടുള്ള ആദരവിനാല്‍ അവിടുത്തെ നിരതിശായിയായ പരമാധികാരത്തിന് അര്‍ഹതയുള്ളതും അവിടുത്തെ സ്വര്‍ഗീയ ശക്തിയുടെ തേജസ്സിന് ഏറ്റവും ഉചിതവും ആയ ഒരു രീതിയില്‍ അവിടുത്തെ സ്നേഹഭവനത്തില്‍ പ്രവേശിച്ചിട്ടുള്ളവരോടും പൊറുക്കേണമേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു.
അല്ലയോ എന്‍റെ ദൈവമേ! അവിടുന്ന് എന്‍റെ ആത്മാവിനെ പ്രചോദിപ്പിച്ചിട്ടുള്ളത് അങ്ങയ്ക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനാണ്. അവിടുത്തേക്കു വേണ്ടിയല്ലായിരുന്നെങ്കില്‍, ഞാന്‍ അവിടുത്തോട് അഭ്യര്‍ത്ഥിക്കുമായിരുന്നില്ല. അങ്ങ് വാഴ്ത്തപ്പെട്ടവനും പ്രകീര്‍ത്തിതനുമാകട്ടെ. അങ്ങു സ്വയം എനിക്കുവെളിപ്പെടുത്തിത്തന്ന അളവില്‍ ഞാന്‍ അങ്ങയ്ക്കു സ്തുതി നല്‍കുന്നു. അങ്ങയെ അറിയാനുള്ള എന്‍റെ കടമയില്‍ ഞാന്‍ വീഴ്ചവരുത്തിയതിനാലും അവിടുത്തെ സ്നേഹത്തിന്‍റെ പാതയില്‍ നടക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടതിനാലും എനിക്കു മാപ്പുതരുവാനായി ഞാന്‍ അങ്ങയോടു യാചിക്കുന്നു.

-The Báb
-----------------------

മാതാപിതാക്കള്‍ (#9826)

അല്ലയോ പ്രഭോ! ഈ അതിമഹത്തായ ധര്‍മ്മസംഹിതയില്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള മക്കളുടെ മദ്ധ്യസ്ഥത അവിടുന്നു സ്വീകരിക്കുന്നു. ഇത് ഈ ധര്‍മ്മത്തില്‍ പ്രത്യേകമായ, അനന്തമായ ദാനങ്ങളില്‍ ഒന്നാണ്. ആയതിനാല്‍ അല്ലയോ കരുണാമയനായ പ്രഭോ, അവിടുത്തെ ഏകത്വത്തിന്‍റെ പ്രവേശന കവാടത്തില്‍ നിന്നുള്ള അവിടുത്തെ ഈ സേവകന്‍റെ അപേക്ഷയെ അങ്ങ് സ്വീകരിച്ചാലും. അവന്‍റെ പിതാവിനെ അവിടുത്തെ കാരുണ്യത്തിന്‍റെ സമുദ്രത്തില്‍ നിമഞ്ജനം ചെയ്താലും. എന്തു കൊണ്ടെന്നാല്‍, ഈ പുത്രന്‍ അവിടുത്തേക്കു സേവനമര്‍പ്പിക്കാനായി ഉണരുകയും അവിടുത്തെ സ്നേഹത്തിന്‍റെ പാതയില്‍ എല്ലാ സമയവും പരിശ്രമം നടത്തുകയും ചെയ്യുന്നു. സത്യമായും അങ്ങാണ് ദായകനും പൊറുക്കുന്നവനും ദയാമയനും.

-`Abdu'l-Bahá
-----------------------

