മനുഷ്യരാശി (#9810)

ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന എന്‍റെ ദൈവമേ! അവിടുത്തെ ഐക്യത്തിനും ഏകത്വത്തിനും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. വര്‍ത്തമാനഗതകാലങ്ങളിലെ അവിടുത്തെ സമ്മാനങ്ങളെ സ്വീകരിക്കുന്നു. ഉയര്‍ന്നവരുടേയും താഴ്ന്നവരുടേയും മേല്‍ ഒരുപോലെ ആരുടെ കവിഞ്ഞൊഴുകുന്ന കാരുണ്യപ്രവാഹമാണോ ചൊരിയപ്പെട്ടത്, അനുസരിക്കുന്നവരിലേക്കും നിഷേധികളിലേക്കും ഒരുപോലെ ആരുടെ കൃപയുടെ ദീപ്തിയാണോ ചൊരിയപ്പെട്ടത്, ആ സര്‍വ്വാനുഗ്രഹദായകനാണങ്ങ്.
അല്ലയോ കരുണാമയനായ ദൈവമേ! ആരുടെ കവാടത്തിനു മുമ്പിലാണോ കാരുണ്യത്തിന്‍റെ ഉല്‍കൃഷ്ടമാതൃക തലകുനിച്ചിട്ടുള്ളത്, ആരുടെ ധര്‍മ്മണ്‍ത്തിന്‍റെ ദേവാലയത്തിനു ചുറ്റുമാണോ സ്നേഹണ്‍കാരുണ്യം അതിന്‍റെ ആന്തരിക ചൈതന്യത്തില്‍ വലം വെച്ചിട്ടുള്ളത്, അവിടുത്തെ പൗരാണിക കൃപയ്ക്കായി യാചിച്ചുകൊണ്ടും അവിടുത്തെ ആനുകൂല്യത്തെ തേടിക്കൊണ്ടും അങ്ങയോടു ഞങ്ങള്‍ കേണപേക്ഷിക്കുന്നത്, നിലനില്‍ക്കുന്ന ലോകത്തിലെ എല്ലാ പ്രകടഭാവങ്ങളുടേയും മേല്‍ അവിടുത്തെ കാരുണ്യമുണ്ടായിരിക്കേണമേയെന്നും അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ കാരുണ്യവര്‍ഷം അവര്‍ക്കു നിഷേധിക്കരുതേയെന്നുമാണ്.
സകലരും ദരിദ്രരും ആവശ്യക്കാരും മാത്രമാണ്. സത്യമായും സര്‍വ്വാധികാരിയും സര്‍വ്വജേതാവും സര്‍വ്വശക്തനുമാണങ്ങ്.

-Bahá'u'lláh
-----------------------

മനുഷ്യരാശി (#9811)

അല്ലയോ കരുണാമയനായ പ്രഭോ! ഉദാരമതിയും പ്രാപ്തനുമായവനേ! അവിടുത്തെ കാരുണ്യത്തിന്‍റെ തണലില്‍ അഭയം പ്രാപിച്ചിട്ടുള്ള അവിടുത്തെ സേവകരാണു ഞങ്ങള്‍. അവിടുത്തെ ആനുകൂല്യത്തിന്‍റെ ഒരു നോട്ടം ഞങ്ങളിലേക്കു പതിപ്പിച്ചാലും. ഞങ്ങളുടെ നേത്രങ്ങള്‍ക്കു വെളിച്ചവും ശ്രോത്രങ്ങള്‍ക്കു കേഴ്വിയും ഹൃദയങ്ങള്‍ക്കു ഗ്രഹണശക്തിയും സ്നേഹവും നല്‍കിയാലും. അവിടുത്തെ സന്തോഷവര്‍ത്തമാനങ്ങളിലൂടെ ഞങ്ങളുടെ ആത്മാവുകളില്‍ സന്തോഷവും ആഹ്ലാദവും തിരിച്ചുനല്കിയാലും. അല്ലയോ പ്രഭോ! അവിടുത്തെ സാമ്രാജ്യത്തിലേക്കുള്ള പാത ഞങ്ങള്‍ക്കു കാണിച്ചുതന്നാലും. പരിശുദ്ധാത്മാവിന്‍റെ ഉച്ഛ്വാസത്താല്‍ ഞങ്ങളെയെല്ലാം പുനരുജ്ജീവിപ്പിച്ചാലും. അനശ്വര ജീവിതത്തെ ഞങ്ങള്‍ക്കു പ്രദാനം ചെയ്താലും. അനന്തമായ ബഹുമതിയെ ഞങ്ങള്‍ക്കു നല്‍കിയാലും. മാനവരാശിയെ ഐക്യപ്പെടുത്തിയാലും. മനുഷ്യലോകത്തെ പ്രകാശിപ്പിച്ചാലും. ഞങ്ങളെല്ലാം അവിടുത്തെ പാത പിന്തുടരുമാറാകട്ടെ. അവിടുത്തെ സല്‍പ്രീതിക്കായി അതിയായി ആഗ്രഹിക്കുമാറാകട്ടെ. അവിടുത്തെ സാമ്രാജ്യത്തിലെ നിഗൂഢതകളെ തേടുമാറാകട്ടെ. അല്ലയോ ദൈവമേ! ഞങ്ങളെ ഐക്യപ്പെടുത്തിയാലും, ഞങ്ങളുടെ ഹൃദയങ്ങളെ അവിടുത്തെ തകര്‍ക്കാനാകാത്ത ഉടമ്പടിയുമായി ബന്ധിപ്പിച്ചാലും. സത്യമായും അങ്ങാണു ദായകന്‍, അങ്ങാണു ദയാമയന്‍, അങ്ങാണു സര്‍വ്വശക്തന്‍!

-`Abdu'l-Bahá
-----------------------

മനുഷ്യരാശി (#9812)

സ്നേഹമയനായ പ്രഭോ! ഒരേ അടിത്തലപ്പില്‍ നിന്നത്രേ മനുഷ്യവര്‍ഗ്ഗത്തെ മുഴുവന്‍ അങ്ങു പണിതെടുത്തിരിക്കുന്നത്. മനുഷ്യരെല്ലാം ഒരേ കുടുംബത്തിലായിരിക്കണമെന്നാണ് അവിടുത്തെ വിധി. അവിടുത്തെ പരിശുദ്ധസാന്നിദ്ധ്യത്തില്‍ അവരെല്ലാം അങ്ങയുടെ സേവകര്‍ മാത്രം. അങ്ങയുടെ കൂടാരത്തിന്‍ കീഴില്‍ അവര്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ ഔദാര്യത്തിന്‍റെ മേശക്കുചുറ്റും അവര്‍ സമ്മേളിച്ചിരിക്കുന്നു. അങ്ങയുടെ സഹായത്തിന്‍റെ കാന്തിയാല്‍ സര്‍വ്വരും പ്രകാശിതരുമായിരിക്കുന്നു.
ദൈവമേ! എല്ലാവരോടും കൃപാലുവാണങ്ങ്. എല്ലാവര്‍ക്കും വേണ്ട സഹായം അങ്ങെത്തിച്ചിരിക്കുന്നു. എല്ലാവരേയും സംരക്ഷിച്ചിരിക്കുന്നു. എല്ലാവരിലും ജീവന്‍ പകര്‍ന്നിരിക്കുന്നു. ഓരോ വ്യക്തിയേയും വാസനകള്‍കൊണ്ടും കാര്യശേഷികള്‍കൊണ്ടും കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. അവിടുത്തെ കാരുണ്യത്തിന്‍റെ സമുദ്രത്തില്‍ സര്‍വ്വരേയും നിമഞ്ജനം ചെയ്കയും ചെയ്തിരിക്കുന്നു.
കരുണാമയനായ പ്രഭോ! സര്‍വ്വരേയും ഒന്നിപ്പിച്ചാലും! മതങ്ങള്‍ മുഴുവന്‍ സമരസപ്പെടട്ടെ! ജനപദങ്ങളെ സമുച്ചയിച്ചാലും! എന്നിട്ടുവേണം മനുഷ്യരെല്ലാം ഒരു കുടുംബമാവാനും ലോകമാകെ ഒരു ഗൃഹമാവാനും. എല്ലാവരും പരിപൂര്‍ണ്ണസ്വരസംഗത്തില്‍ കഴിയുമാറാകട്ടെ! ദൈവമേ! മാനവൈക്യത്തിന്‍റെ വൈജയന്തി എത്രയുമുയരെ ഉയര്‍ത്തിപ്പിടിക്കേണമേ!
ദൈവമേ! അതി മഹത് ശാന്തി സ്ഥാപിക്കേണമേ! അന്തരംഗങ്ങളെ അഷ്ടബന്ധത്തിലുറപ്പിക്കേണമേ! 
പ്രിയം പകരുന്ന പിതാവേ! ദൈവമേ, അങ്ങയുടെ സ്നേഹത്തിന്‍റെ സൗരഭ്യം കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ ഉല്ലാസഭരിതമാക്കേണമേ! അങ്ങയുടെ മാര്‍ഗ്ഗദര്‍ശനത്തിന്‍റെ പ്രകാശണ്‍ത്താല്‍ ഞങ്ങളുടെ നയനങ്ങളെ ഉജ്ജ്വലമാക്കേണമേ!
അങ്ങയുടെ വചനത്തിന്‍റെ രാഗമാധുരിയാല്‍ ഞങ്ങളുടെ ശ്രോത്രങ്ങളെ സന്തുഷ്ടമാക്കേണമേ! അങ്ങയുടെ സഹായത്തിന്‍റെ പിടിയില്‍ ഞങ്ങള്‍ണ്‍ക്കെല്ലാം രക്ഷ നല്‍കുകയും ചെയ്യേണമേ! 
സര്‍വ്വശക്തനാണ് അവിടുന്ന്. എല്ലാം പൊറുക്കുന്നവനും മനുഷ്യവര്‍ഗത്തിന്‍റെ പോരായ്മകളെല്ലാം വിഗണിക്കുന്നവനുമാണ്.

-`Abdu'l-Bahá
-----------------------

മനുഷ്യരാശി (#9813)

അല്ലയോ ദൈവമേ!~ഞങ്ങള്‍ ദുര്‍ബലരാണ്. ഞങ്ങള്‍ക്കു ശക്തിയേകിയാലും. ഞങ്ങള്‍ പാവങ്ങളാണ്; അവിടുത്തെ അപാരമായ ധനം ഞങ്ങള്‍ക്കു നല്‍കിയാലും. ഞങ്ങള്‍ ദീനരാണ്; അവിടുത്തെ ദിവ്യരോഗശമനത്തെ ഞങ്ങള്‍ക്കേകിയാലും. ഞങ്ങള്‍ അശക്തരാണ്. അവിടുത്തെ സ്വര്‍ഗ്ഗീയ ശക്തി ഞങ്ങള്‍ക്കു നല്‍കിയാലും. അല്ലയോ പ്രഭോ! ഇഹലോകത്തില്‍ ഞങ്ങളെ പ്രയോജനകാരികളാക്കിയാലും; സ്വാര്‍ത്ഥതയുടേയും മോഹങ്ങളുടേയും അവസ്ഥയില്‍ നിന്ന് ഞങ്ങളെ മുക്തരാക്കിയാലും. അല്ലയോ പ്രഭോ! അങ്ങയോടുള്ള സ്നേഹത്തില്‍ ഞങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയാലും. മുഴുവന്‍ മനുഷ്യരാശിയോടുമുള്ള സ്നേഹത്തിന് ഞങ്ങളെ പ്രേരിപ്പിച്ചാലും. മാനവലോകത്തിലുള്ള സേവയില്‍ ഞങ്ങളെ സ്ഥിരീകരിച്ചാലും. അങ്ങനെ ഞങ്ങള്‍ അവിടുത്തെ സേവകരുടെ സേവകരും അവിടുത്തെ എല്ലാ സൃഷ്ടിജാലങ്ങളേയും സ്നേഹിക്കുന്നവരും അവിടുത്തെ സകല ജനങ്ങളോടും കരുണാമയരും ആയിത്തീരുമാറാകട്ടെ. അല്ലയോ പ്രഭോ! അങ്ങു സര്‍വ്വശക്തനാണ്! അങ്ങു ദയാമയനാണ്! അങ്ങു ക്ഷമാശാലിയാണ്! അങ്ങു സര്‍വ്വപ്രബലനാണ്!

-`Abdu'l-Bahá
-----------------------

