പ്രഭാതം (#9818)

ദൈവമേ! അവിടുത്തെ രക്ഷാസങ്കേതത്തില്‍ ഞാനുണര്‍ന്നിരിക്കുന്നു. പ്രസ്തുത സങ്കേതം അതു തേടുന്ന ഏവനും അവിടുത്തെ അനഘമായ സംരക്ഷണ നികേതവും അതിശക്തമായ പ്രതിരോധദുര്‍ഗ്ഗവുമായിത്തീരുന്നു. ദൈവമേ! അങ്ങയുടെ കൃപയാകുന്ന പുലര്‍വെളിച്ചത്താല്‍ എങ്ങനെ എന്‍റെ ദേഹത്തെ അങ്ങു ഭാസുരമാക്കിയോ, അതുപോലെ, പകലിന്‍റെ പരിശോഭകള്‍ കൊണ്ട് അവിടുത്തെ വെളിപാടിന്‍റെ കുതിച്ചെത്തുന്ന പ്രസരംകൊണ്ട് എന്‍റെ ദേഹിയേയും ഭാസുരമാക്കിയാലും.

-Bahá'u'lláh
-----------------------

പ്രഭാതം (#9819)

എന്‍റെ ദൈവമേ! എന്‍റെ പ്രഭോ! ഞാന്‍ അവിടുത്തെ സേവകനാണ്. സേവകന്‍റെ പുത്രനാണ്. അവിടുത്തെ തിരുവെഴുത്തുകളില്‍ കുറിക്കപ്പെട്ടതിന്‍ വണ്ണം അങ്ങയുടെ അഭീഷ്ടത്തിന്‍റെ തെളിനീരുറവായ അഹസ്സില്‍ നിന്ന് അങ്ങയുടെ ഏകത്വത്തിന്‍റെ ശുക്രതാരം ഉദിച്ചുവന്ന് ഉലകമാകെ അതിന്‍റെ പ്രഭാപ്രസരം ചിന്നിയ ഈ പ്രഭാത വേളയില്‍ ഞാന്‍ എന്‍റെ മഞ്ചത്തില്‍ നിന്നുണര്‍ന്നിരിക്കുന്നു. 
എന്‍റെ ദൈവമേ! അങ്ങയുടെ അറിവിന്‍റെ പ്രഭാപൂരങ്ങളിലേക്കു ഞങ്ങളുണര്‍ന്നതില്‍ അവിടുത്തേക്കു സ്തുതി! 
അങ്ങല്ലാതെ ആരില്‍നിന്നും അകന്നു നില്‍ണ്‍ക്കാനും അങ്ങയില്‍ നിന്നന്യരായവരോടു ബന്ധം വിച്ഛേദിക്കാനും വേണ്ട ശക്തി, എന്‍റെ പ്രഭോ, ഞങ്ങളിലേക്കു പ്രേഷണം ചെയ്താലും! സര്‍വ്വോപരി, എനിക്കായും എന്‍റെ പ്രിയപ്പെട്ടവര്‍ക്കായും, ആണും പെണ്ണുമടങ്ങുന്ന എന്‍റെ ബന്ധപ്പെട്ടവര്‍ക്കായും, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډയെ ആലേഖനം ചെയ്താലും! മര്‍ത്ത്യ മാനസങ്ങളിലിരുന്നു നിമന്ത്രണം ചെയ്യുന്ന ദുഷ്ട നിമന്ത്രകന്‍റെ അഭിവ്യക്ത രൂപങ്ങളായി അങ്ങു പണിതു വിട്ടവരില്‍ നിന്ന്, അല്ലയോ സമസ്തസൃഷ്ടികള്‍ക്കും പ്രിയങ്കരനേ, സമസ്ത പ്രപഞ്ചത്തിന്‍റെയും ആശാകേന്ദ്രമേ, അങ്ങയുടെ കുറവുവരാത്ത സംരക്ഷണത്തിലൂടെ ഞങ്ങളെ അകറ്റി നിര്‍ത്തിയാലും! സ്വന്തം ലീലകളാടുന്നതില്‍ ബലിഷ്ഠനാണവിടുന്ന്: സത്യമായും സര്‍വ്വശക്തനും, വിപദ്രക്ഷകനും സ്വയംവൃത്തിയുണ്‍മാണങ്ങ്.
വിഭൂവായ അല്ലയോ ദൈവമേ! അവിടുത്തെ എല്ലാ ബിരുദങ്ങളും ആര്‍ക്കായി അങ്ങു നല്‍കിയോ, ആര്‍ വഴിയായി അങ്ങ്  ഐശ്വര്യവും ആസുരവും ആയവരെ വിധം തിരിച്ച് അങ്ങു പ്രിയപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതനുവര്‍ത്തിക്കാന്‍ ഞങ്ങളെ ദയാപരതയോടെ തുണച്ചുവോ, അവനെ അങ്ങനുഗ്രഹിക്കേണമേ! സര്‍വ്വോപരി, ആരെല്ലാം അവിടുത്തെ വചനങ്ങളും ലിഖിതങ്ങളും ആകുന്നുവോ, ആരെല്ലാം നേരത്തേ അങ്ങേയ്ക്കഭിമുഖമായി നില്‍ക്കുന്നുവോ, ആരെല്ലാം അങ്ങയുടെ വിളികേട്ട് ഇപ്പോള്‍ അങ്ങയ്ക്കു നേരെ മുഖം പിടിച്ചിരിക്കുന്നവോ, അവരെയെല്ലാം അനുഗ്രഹിക്കേണമേ! 
സത്യമായും അങ്ങാണ് ഏവര്‍ക്കും വിഭുവും നൃപനും സര്‍വ്വശക്തനും.

-Bahá'u'lláh
-----------------------

പ്രഭാതം (#9820)

അല്ലയോ എന്‍റെ ദൈവമേ, എന്നെ എന്‍റെ നിദ്രയില്‍ നിന്നുണര്‍ത്തിയതിനും എന്‍റെ അപ്രത്യക്ഷമാകലിനുശേഷം എന്‍റെ മയക്കത്തില്‍ നിന്നെന്നെ ഉണര്‍ത്തിയതിനും ഞാന്‍ അങ്ങയ്ക്കു സ്തുതി നല്‍കുന്നു. അവിടുത്തെ ശക്തിയുടെ സ്വര്‍ഗ്ഗങ്ങളും അവിടുത്തെ മഹത്വവും പ്രകാശമാനമാക്കപ്പെട്ടതും അവിടുത്തെ ചിഹ്നങ്ങളെ സ്വീകരിച്ചതും അവിടുത്തെ ഗ്രന്ഥത്തില്‍ വിശ്വസിച്ചതും അവിടുത്തെ ചരടില്‍ മുറുകെപ്പിടിച്ചതുമായ അവിടുത്തെ വെളിപാടിന്‍റെ ദീപ്തിയിലേക്ക് മുഖം തിരിച്ചുകൊണ്ടാണ് ഈ പ്രഭാതത്തില്‍ ഞാനുണര്‍ന്നത്.
അവിടുത്തെ ഇച്ഛയുടെ കഴിവിനാലും അവിടുത്തെ ഉദ്ദേശ്യത്തിന്‍റെ നിര്‍ബന്ധിതമായ ശക്തിയാലും എന്‍റെ നിദ്രയില്‍ അങ്ങ് എനിക്കെന്താണോ വെളിപ്പെടുത്തിത്തന്നത് അതിനെ അവിടുത്തെ പ്രിയങ്കരരുടെ ഹൃദയങ്ങള്‍ക്കുള്ളില്‍ അവിടുത്തെ സ്നേഹത്തിന്‍റെ മന്ദിരങ്ങള്‍ക്കു വേണ്ടിയുള്ള അസന്ദിഗ്ദ്ധമായ അടിത്തറയും അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെയും അവിടുത്തെ അനുഗ്രഹത്തിന്‍റേയും അടയാളങ്ങളുടെ വെളിപാടിനുവേണ്ടിയുള്ള ഏറ്റവും പറ്റിയ ഉപകരണവുമാക്കേണമേ എന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ പ്രഭോ! അവിടുത്തെ അത്യുന്നത തൂലികയിലൂടെ ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളെ എനിക്കായി കല്പിച്ചാലും. സകല വസ്തുക്കളുടേയും കടിഞ്ഞാണ്‍ അവിടുത്തെ പിടിക്കുള്ളില്‍ അമര്‍ന്നിരിക്കുകയാണെന്ന് എനിക്കു ബോധ്യമായിരിക്കുന്നു. അവിടുന്ന് ഇച്ഛിക്കുന്നതുപോലെ അവയെ അവിടുന്നു മാറ്റുന്നു. ശക്തനും വിശ്വസ്തനും ആയ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല. 
അവന്‍റെ കല്പനകളിലൂടെ അപമാനത്തെ കീര്‍ത്തിയായും ദൗര്‍ബല്യത്തെ ശക്തിയായും ബലഹീനതയെ പ്രബലതയായും ഭയത്തെ ശാന്തതയായും സംശയത്തെ ദൃഢതയായും മാറ്റുന്നവനാണ് അങ്ങ്. പ്രബലനും ദാനശീലനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
അങ്ങയെ തേടുന്ന ആരെയും അങ്ങു നിരാശപ്പെടുത്തുന്നില്ല. അങ്ങയെ അഭിലഷിക്കുന്ന ആരെയും അങ്ങില്‍ നിന്നു പിന്നോട്ടു മാറ്റുന്നില്ല. അവിടുത്തെ ഉദാരതയുടെ സ്വര്‍ഗ്ഗവും അവിടുത്തെ അനുഗ്രഹത്തിന്‍റെ സമുദ്രവുമായിത്തീര്‍ന്നതിനെ അങ്ങ് എനിക്കുവേണ്ടി കല്‍പ്പിച്ചാലും. സത്യമായും അങ്ങാണ് അതിശക്തനും സര്‍വ്വപ്രബലനും.

-Bahá'u'lláh
-----------------------

