പയനിയര്‍മാ൪ (#9827)

അല്ലയോ ദൈവമേ, അവിടുത്തെ സല്‍പ്രീതി ആര്‍ജ്ജിക്കുന്നതും അങ്ങയോടുള്ള ദാസ്യത്വത്തില്‍ സ്ഥിരീകരിക്കപ്പെടുന്നതും അവിടുത്തെ സേവനത്തിനായി എന്നെ സ്വയം സമര്‍പ്പിക്കുന്നതും അവിടുത്തെ മഹത്തായ മുന്തിരിത്തോട്ടത്തില്‍ വേല ചെയ്യുന്നതും അവിടുത്തെ പാതയില്‍ സര്‍വ്വതും ത്യാഗം ചെയ്യുന്നതുമൊഴികെ എന്‍റെ ഹൃദയത്തില്‍ യാതൊരാഗ്രഹവുമില്ലെന്നുള്ളതിന് അവിടുന്നു സാക്ഷ്യം വഹിക്കുന്നുണ്ട്; അറിയുന്നുമുണ്ട്. അങ്ങ് സര്‍വ്വവിജ്ഞനും സര്‍വ്വദര്‍ശകനുമാണ്. അങ്ങയ്ക്കു വേണ്ടിയുള്ള എന്‍റെ സ്നേഹത്തില്‍ പര്‍വ്വതങ്ങള്‍ക്കും മരുഭൂമികള്‍ക്കും നേരെ എന്‍റെ ചുവടുകളെ തിരിക്കുകയും അവിടുത്തെ സാമ്രാജ്യത്തിന്‍റെ ആഗമനത്തെ ഉച്ചത്തില്‍ വിളംബരപ്പെടുത്തുകയും എല്ലാ മനുഷ്യര്‍ക്കും ഇടയില്‍ അവിടുത്തെ ആഹ്വാനത്തെ ഉയര്‍ത്തുകയും ഒഴികെ എനിക്ക് യാതൊരഭിലാഷവുമില്ല. അല്ലയോ ദൈവമേ! ഈ നിസ്സഹായനുണ്‍വേണ്ടി അവിടുന്നു പാത തുറന്നാലും. പീഡിതനായ ഇവന് പ്രതിവിധിയേകിയാലും. ഈ ദുഃഖിതനുമേല്‍ അവിടുത്തെ രോഗശമനത്തെ നല്‍കിയാലും. കത്തുന്ന ഹൃദയത്തോടും കണ്ണീരണിഞ്ഞ നേത്രങ്ങളോടുംകൂടി അവിടുത്തെ പ്രവേശന കവാടത്തില്‍ ഞാന്‍ കേണപേക്ഷിക്കുന്നു.
അല്ലയോ ദൈവമേ! അവിടുത്തെ പാതയില്‍ എന്ത് അഗ്നിപരീക്ഷകളേയും സഹിക്കാന്‍ ഞാനൊരുക്കമാണ്. എന്തു വിഷമതകളേയും നേരിടാന്‍ എന്‍റെ പൂര്‍ണ്ണ ഹൃദയത്താലും ആത്മാവിനാലും ആഗ്രഹിക്കുന്നുമുണ്ട്.
അല്ലയോ ദൈവമേ! പരീക്ഷണങ്ങളില്‍ നിന്നും എന്നെ സംരക്ഷിച്ചാലും. എല്ലാവസ്തുക്കളില്‍ നിന്നും ഞാന്‍ തിരിഞ്ഞു കളഞ്ഞിട്ടുണ്ടെന്നും എല്ലാ ചിന്തകളില്‍ നിന്നും ഞാന്‍ സ്വയം മുക്തനാണെന്നും അങ്ങയ്ക്കു നന്നായി അറിയാം. അങ്ങയെ സ്മരിക്കുന്നതൊഴികെ എനിക്കു യാതൊരു ജോലിയുമില്ല; അങ്ങയെ സേവിക്കുന്നതൊഴികെ യാതൊരു ആകാംക്ഷയുമെനിക്കില്ല.

-`Abdu'l-Bahá
-----------------------

