നിസ്സംഗത (#9775)

എന്‍റെ ദൈവമേ! അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ, അവിടുത്തെ കല്‍പനയ്ക്കും അവിടുത്തെ അഭിലാഷത്തിനും അനുസൃതമായി സൃഷ്ടിജാലത്തിലുടനീളം പരന്നിട്ടുള്ള അങ്ങയുടെ കരുണാമയമായ തിരുവസ്ത്രത്തിന്‍റെ നറുമണത്താലും, അവിടുത്തെ കാരുണ്യമാകുന്ന ചക്രവാളത്തിനുമുകളില്‍ അവിടുത്തെ പ്രബലതയുടേയും പരമാധികാരത്തിന്‍റേയും ശക്തിയില്‍ക്കൂടി ഉജ്ജ്വലമായി തിളങ്ങുന്ന അവിടുത്തെ ഇച്ഛയാകുന്ന പകല്‍ നക്ഷത്രത്താലും  ഞാനര്‍ത്ഥിക്കുന്നു. എന്‍റെ ഹൃദയത്തില്‍ നിന്ന് എല്ലാ വിഫലഭാവനകളും വൃഥാചിന്തകളും ഇല്ലാതാക്കേണമേ, എന്‍റെ എല്ലാ സ്നേഹത്തോടും കൂടി എന്നെ അങ്ങയുടെ നേര്‍ക്കു തിരിയുമാറാക്കേണമേ, അല്ലയോ സകല മനുഷ്യരാശിക്കും പ്രഭുവായവനേ!
എന്‍റെ ദൈവമേ! ഞാന്‍ അങ്ങയുടെ സേവകനാണ്. സേവകന്‍റെ പുത്രനാണ്. അവിടുത്തെ കാരുണ്യത്തിന്‍റെ കൈപ്പിടിയില്‍ ഞാന്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അവിടുത്തെ മൃദുവായ കൃപയുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. അങ്ങയോടൊപ്പമുള്ള നല്ല വസ്തുക്കളെ എനിക്കായി കല്‍പിച്ചാലും. അങ്ങയുടെ ആനുകൂല്യത്തിന്‍റെ സ്വര്‍ഗ്ഗത്തിലും അങ്ങയുടെ അനുഗ്രഹമാകുന്ന മേഘങ്ങളിലും നിന്ന് അങ്ങ് താഴേക്കയച്ചിട്ടുള്ള നിയമസംഹിതകളാല്‍ എന്നെ പോഷിപ്പിച്ചാലും.
സത്യത്തില്‍ അങ്ങു ലോകങ്ങളുടെ പ്രഭുവും ഭൂവിലും ദ്യോവിലുമുള്ള സകലത്തിന്‍റേയും ദൈവവും ആണ്.

-Bahá'u'lláh
-----------------------

നിസ്സംഗത (#9776)

എന്‍റെ ദൈവമേ, ഹതാശരായ അനേകം ഹൃദയങ്ങള്‍ അവിടുത്തെ ധര്‍മ്മത്തിന്‍റെ ജ്വാലയാല്‍ ഉത്തേണ്‍ജിതമായിട്ടുണ്ട്. നിദ്രയിലാണ്ടിരിക്കുന്ന അനേകംപേര്‍ അവിടുത്തെ സ്വരമാധുര്യത്താല്‍ ഉണര്‍ത്തപ്പെട്ടിട്ടുണ്ട്. അങ്ങയുടെ ഏകത്വമാകുന്ന വൃക്ഷത്തിന്‍റെ തണലിന്‍ കീഴില്‍ അഭയം തേടിയ അപരിചിതര്‍ എത്രപേരാണ്, അങ്ങയുടെ ദിനങ്ങളില്‍ അവിടുത്തെ ജീവജലമാകുന്ന ഉറവയില്‍ നിന്ന് പാനം ചെയ്ത ദാഹാര്‍ത്തര്‍ എത്ര എണ്ണമറ്റതാണ്.
അങ്ങയുടെ നേര്‍ക്കു സ്വയം തിരിഞ്ഞവരും അങ്ങയുടെ വദനപ്രകാശത്തിന്‍റെ പകല്‍ വസന്തം ആര്‍ജ്ജിക്കാന്‍ തിടുക്കപ്പെട്ടവരും അനുഗ്രഹീതരാണ്. തന്‍റെ എല്ലാ സ്നേഹത്തോടും കൂടി അവിടുത്തെ വെളിപാടിന്‍റെ ഉദയസ്ഥാനത്തേക്കും അവിടുത്തെ പ്രചോദനത്തിന്‍റെ ഉറവയിലേക്കും തിരിഞ്ഞിട്ടുള്ളവര്‍ അനുഗ്രഹീതരാണ്. അവിടുത്തെ അനുഗ്രഹത്തിലൂടേയും ആനുകൂല്യത്തിലൂടെയും അങ്ങ് അവര്‍ക്കുമേല്‍ ചൊരിഞ്ഞിട്ടുള്ളതെല്ലാം അങ്ങയുടെ പാതയില്‍ ചെലവഴിച്ചിട്ടുള്ളവര്‍ അനുഗ്രഹീതരാണ്. അങ്ങക്കു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്താല്‍ അങ്ങൊഴികെ മറ്റുള്ളതിനെയെല്ലാം ത്യജിച്ചിട്ടുള്ളവന്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. അങ്ങയുമായി വളരെ അടുത്ത സംവാദം നടത്തുന്നത് ആസ്വദിക്കുന്നവനും അങ്ങൊഴികെ മറ്റുള്ളതിനോടെല്ലാമുള്ള ആകര്‍ഷണത്തില്‍ നിന്ന് സ്വയം മാറിയവനും അനുഗ്രഹിക്കപ്പെട്ടവനാകുന്നു. 
എന്‍റെ ദൈവമേ, അങ്ങയുടെ നാമമായ, അങ്ങയുടെ ശക്തിയാലും പരമാധികാരത്താലും അവന്‍റെ തടവറയുടെ ചക്രവാളത്തിനുമപ്പുറം ഉയര്‍ന്നിട്ടുള്ളവനാല്‍ ഞാന്‍ അപേക്ഷിക്കുന്നു. അവിടുത്തെ ഉയര്‍ത്തപ്പെടലിനും അങ്ങയ്ക്കും ഉചിതമായിട്ടുള്ളതെന്തോ അത് എല്ലാവര്‍ക്കും വേണ്ടി കല്‍പ്പിക്കേണമേ.
സത്യത്തില്‍ അങ്ങയുടെ ശക്തി സകലവസ്തുക്കള്‍ക്കും തുല്യമാണ്.

-Bahá'u'lláh
-----------------------

നിസ്സംഗത (#9777)

എന്‍റെ ദൈവമേ, അങ്ങയ്ക്കു സ്തുതിയായിരിക്കട്ടെ. അങ്ങയിലും അങ്ങയുടെ അടയാളങ്ങളിലും വിശ്വസിച്ചിട്ടുള്ള അവിടുത്തെ സേവകരില്‍ ഒരുവനാണു ഞാന്‍. അവിടുത്തെ ദയയാകുന്ന കവാടത്തിലേക്ക് ഞാന്‍ സ്വയം അഭിമുഖനായിരിക്കുന്നതും അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ ദിശയിലേക്ക് എന്‍റെ മുഖം തിരിച്ചതും അവിടുന്നു കാണുന്നുണ്ട്. അവിടുത്തെ അത്യുല്‍കൃഷ്ടനാമങ്ങളാലും അവിടുത്തെ അത്യുന്നത സവിശേഷതകളാലും ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ ദാനങ്ങളുടെ കവാടങ്ങള്‍ എന്‍റെ മുഖത്തിനുനേരെ തുറക്കേണമേ. സകലനാമങ്ങളും ഗുണങ്ങളും കൈവശമുള്ളവനേ, നല്ലതെന്തോ അതു ചെയ്യുവാന്‍ എന്നെ സഹായിക്കേണമേ!
എന്‍റെ ദൈവമേ, ഞാന്‍ ദരിദ്രനാണ്. അങ്ങു ധനവാനാണ്. അങ്ങൊഴികെ മറ്റെല്ലാറ്റില്‍ നിന്നും നിസ്സംഗനായി ഞാന്‍ എന്‍റെ മുഖം അങ്ങയുടെ നേര്‍ക്കു തിരിച്ചിരിക്കുന്നു. ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു, അങ്ങയുടെ ലോലമായ ദയയുടെ ഉച്ഛ്വാസങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാതിരുന്നാലും. അവിടുത്തെ സേവകര്‍ക്കിടയിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അങ്ങു കല്പിച്ചിട്ടുള്ളതിനെ എന്നില്‍ നിന്നു തടഞ്ഞുവെയ്ക്കാതിരുന്നാലും.
എന്‍റെ ദൈവമേ, അവിടുത്തെ സൃഷ്ടികള്‍ക്കുവേണ്ടി അങ്ങ് അഭിലഷിച്ചിട്ടുള്ളതിനെ തിരിച്ചറിയുവാനും അവിടുത്തെ കരവേലയുടെ പ്രകടഭാവങ്ങളിലെല്ലാം അവിടുത്തെ സര്‍വ്വശക്തമായ പ്രബലതയുടെ വെളിപാടുകള്‍ കണ്ടെത്താനും കഴിയുമാറ് എന്‍റെ നേത്രങ്ങളില്‍ നിന്നും മറയെ നീക്കം ചെയ്യേണമേ. എന്‍റെ പ്രഭോ, അവിടുത്തെ അതിപ്രബല അടയാളങ്ങളാല്‍ എന്‍റെ ആത്മാവിനെ സന്തോഷിപ്പിച്ചാലും. അധമവും ദുഷ്ടവും ആയ അഭിലാഷങ്ങളുടെ ആഴങ്ങളില്‍ നിന്ന് എന്നെ പുറത്തുകൊണ്ടു വന്നാലും. ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളെ എനിക്കു വേണ്ടി ആലേഖനം ചെയ്താലും. അങ്ങ് ഇച്ഛിക്കുന്നതെന്തും ചെയ്യാന്‍ അങ്ങു ശക്തനാണ്. സകല മനുഷ്യരും ആരുടെ സഹായമാണോ തേടുന്നത് അവിടുന്നു സര്‍വ്വപ്രകീര്‍ത്തിതനാണ്, അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
എന്‍റെ പ്രഭോ, അങ്ങ് എന്നെ എന്‍റെ നിദ്രയില്‍ നിന്നുണര്‍ത്തിയതിലും എന്നെ ഉത്തേജിപ്പിച്ചതിലും അവിടുത്തെ മിക്ക സേവകരും  ഗ്രഹിക്കാന്‍ പരാജയപ്പെട്ടതിനെ മനസ്സിലാക്കുവാനുള്ള ആഗ്രഹം എന്നില്‍ സൃഷ്ടിച്ചതിനും ഞാന്‍ അങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു. ആയതിനാല്‍ എന്‍റെ പ്രഭോ! അങ്ങയോടുള്ള സ്നേഹത്താലും അങ്ങയുടെ സന്തോഷത്തിനുവേണ്ടിയും അങ്ങ് അഭിലഷിച്ചിട്ടുള്ളതിനെകാണാന്‍ എന്നെ പ്രാപ്തനാക്കിയാലും. ആരുടെ പ്രബലതയ്ക്കും പരമാധികാരത്തിനുമാണോ സകലവസ്തുക്കളും സാക്ഷ്യം വഹിക്കുന്നത് ആ ശക്തി അവിടുന്നാണ്. സര്‍വ്വശക്തനും ഔദാര്യനിധിയുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

നിസ്സംഗത (#9778)

എന്‍റെ ദൈവമേ, എന്‍റെ പ്രഭോ, എന്‍റെ ഗുരോ! എന്‍റെ ഉറ്റവരില്‍ നിന്ന് ഞാന്‍ സ്വയം നിസ്സംഗനായിരുന്നിട്ടുണ്ട്; ഭൂമിയില്‍ നിവസിക്കുന്ന എല്ലാറ്റില്‍ നിന്നും സ്വതന്ത്രനായിത്തീരാന്‍ അങ്ങുവഴിയായി ശ്രമിച്ചിട്ടുമുണ്ട്. അങ്ങയുടെ ദൃഷ്ടിയില്‍ പ്രശംസാര്‍ഹമായതിനെ സ്വീകരിക്കാന്‍ എന്നും തയ്യാറായിട്ടുണ്ട്. അങ്ങൊഴികെ മറ്റുള്ളതില്‍ നിന്നെല്ലാം എന്നെ സ്വതന്ത്രനാക്കുമാറുള്ള നډയെ എനിക്കേകിയാലും. അവിടുത്തെ സീമാതീതമായ ആനുകൂല്യങ്ങളില്‍ ഒരു മതിയായ പങ്ക് എനിക്കു നല്‍കിയാലും. സത്യമായും അവിടുന്നു അളവറ്റ കാരുണ്യത്തന്‍റെ പ്രഭുവാണ്.

-The Báb
-----------------------

നിസ്സംഗത (#9779)

പ്രഭോ അങ്ങയെയാണ് അഭയത്തിനായി ഞാന്‍ ആശ്രയിക്കുന്നത്. അങ്ങയുടെ എല്ലാ ചിഹ്നങ്ങളേയും ഞാന്‍ ഹൃദയപൂര്‍വ്വം ഉറ്റുനോക്കുകയും ചെയ്യുന്നു. 
പ്രഭോ! ഞാന്‍ യാത്രചെയ്യുമ്പോഴായാലും എന്‍റെ ഭവനത്തിലിരിക്കുമ്പോഴായാലും എന്‍റെ തൊഴിലിലും പ്രവര്‍ത്തിയിലും സമസ്ത വിശ്വാസവും ഞാന്‍ അങ്ങയില്‍ അര്‍പ്പിക്കുന്നു.
നിരതിശായിയായ കാരുണ്യധാമമേ! സകലതിലും നിന്ന് എന്നെ സ്വതന്ത്രനാക്കുവാനായി അങ്ങയുടെ തുണ മതിയാവോളം എനിക്കു പ്രദാനം ചെയ്യേണമേ!
അങ്ങയുടെ പ്രീതിക്കൊത്തവണ്ണം എനിക്കുള്ള പങ്ക് അനുവദിച്ചരുളിയാലും. പ്രഭോ! എനിക്കായി അങ്ങു വിധിച്ചിട്ടുള്ളത് എന്തുതന്നെയായാലും അതുകൊണ്ട് തൃപ്തിയടയാന്‍ എന്നെ ശക്തനാക്കിയാലും! 
ആജ്ഞാപിക്കുവാനുള്ള പരമാധികാരം അങ്ങയുടേതാണ്.

-The Báb
-----------------------

നിസ്സംഗത (#9780)

ഉന്നതലക്ഷ്യവും അഭിലാഷവുമാണ്. ഉയര്‍ന്ന വിനയത്തോടും പൂര്‍ണ്ണമായ ഭക്തിയോടുംകൂടി ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ ഭൂമിയില്‍ അങ്ങയുടെ സ്നേഹത്തിന്‍റെ ഗോപുരവും അങ്ങയുടെ സൃഷ്ടികള്‍ക്കിടയില്‍ അവിടുത്തെ ജ്ഞാനത്തിന്‍റെ ഒരു വിളക്കും അവിടുത്തെ ഭരണത്തില്‍ ദൈവീകാനുഗ്രഹത്തിന്‍റെ പതാകയുമാക്കി എന്നെ മാറ്റേണമേ. 
അങ്ങൊഴികെ മറ്റെല്ലാറ്റില്‍ നിന്നും സ്വയം നിസ്സംഗരായ അവിടുത്തെ സേവകډാരുടേയും ഈ ലോകത്തിലെ ക്ഷണികമായ വസ്തുക്കളില്‍ നിന്നും സ്വയം പവിത്രീകരിച്ചവരുടേയും വ്യര്‍ഥ ഭാവനകളുടെ നിയന്ത്രണ പ്രേരണകളില്‍ നിന്ന് സ്വയം സ്വതന്ത്രരായവരുടേയും ഗണത്തില്‍ എന്നെ ഉള്‍പ്പെടുത്തേണമേ.
അവിടുത്തെ സാമ്രാജ്യത്തില്‍ നിന്നുള്ള  സ്ഥിരീകരണത്തിന്‍റെ ചൈതന്യത്തില്‍ എന്‍റെ ഹൃദയം വളരട്ടെ. അവിടുത്തെ സര്‍വ്വശക്തമായ കീര്‍ത്തിയുടെ സാമ്രാജ്യത്തില്‍ നിന്ന് എന്നിലേക്കു തുടര്‍ച്ചയായി ഇറങ്ങുന്ന ദൈവിക സഹായത്തിന്‍റെ ആതിഥേയരെ നോക്കിക്കൊണ്ട് എന്‍റെ നേത്രങ്ങളെ പ്രകാശമാനമാക്കിയാലും.
അങ്ങ് സത്യത്തില്‍ സര്‍വ്വശക്തനാണ്. സര്‍വ്വപ്രകീര്‍ത്തിതനാണ്, സര്‍വ്വപ്രബലനാണ്

-`Abdu'l-Bahá
-----------------------

