ആത്മീയഗുണങ്ങള്‍ (#9841)

അല്ലയോ എന്‍റെ പ്രഭോ! അവിടുത്തെ സൗന്ദര്യം എന്‍റെ ഭക്ഷണമാക്കിയാലും; അവിടുത്തെ സന്നിധി എന്‍റെ പാനീയവും, അവിടുത്തെ പ്രീതി എന്‍റെ പ്രതീക്ഷയും, അവിടുത്തെ സ്തുതി എന്‍റെ പ്രവൃത്തിയും, അങ്ങയോടുള്ള സ്മരണ എന്‍റെ സഹചാരിത്വവും, അങ്ങയെകുറിച്ചുള്ള പരമാധികാരത്തിന്‍റെ ശക്തി എന്‍റെ വിപദ്രക്ഷകനും അവിടുത്തെ വാസസ്ഥാനം എന്‍റെ ഭവനവും, എന്‍റെ വാസസ്ഥാനം അങ്ങയില്‍ നിന്നുള്ള ഒരു മറയാല്‍ മറച്ചുപിടിക്കപ്പെട്ടവരുടെ മേല്‍ ചുമത്തിയിട്ടുള്ള പരിമിതികളില്‍ നിന്നു അങ്ങ് പവിത്രീകരിച്ചിട്ടുള്ള ഇരിപ്പിടവും ആക്കി മാറ്റിയാലും.
സത്യമായും അങ്ങാണ് സര്‍വ്വപ്രബലനും സര്‍വ്വപ്രകീര്‍ത്തിതനും അതിശക്തനും.

-Bahá'u'lláh
-----------------------

ആത്മീയഗുണങ്ങള്‍ (#9842)

അല്ലയോ എന്‍റെ ദൈവമേ, ഔദാര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദൈവമേ! ആരുടെ കല്‍പനയാലാണോ മുഴുവന്‍ സൃഷ്ടിജാലങ്ങളും നിലവില്‍ വന്നത്, ആ രാജാവാണ് അങ്ങ്. ആരുടെ സേവകരുടെ ചെയ്തികളാണോ അവന്‍റെ കാരുണ്യം കാണിക്കുന്നതില്‍ നിന്ന് അവനെ ഒരിക്കലും വിഘ്നപ്പെടുത്തുകയോ അവന്‍റെ ഔദാര്യത്തിന്‍റെ വെളിപാടിനെ വിഫലമാക്കുകയോ ചെയ്യാത്തത്, ആ സര്‍വ്വൗദാര്യനിധിയാണവിടുന്ന്.
അവിടുത്തെ ലോകങ്ങളില്‍ എല്ലാ ലോകത്തും തന്‍റെ മോക്ഷത്തിനു കാരണമാകുന്നതിനെ ആര്‍ജ്ജിക്കുവാന്‍ ഈ സേവകനെ അനുവദിക്കേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. സത്യമായും, അങ്ങ് സര്‍വ്വപ്രബലനും അതിശക്തനും സര്‍വ്വവിജ്ഞനും സര്‍വ്വവിവേകിയുമാണ്.

-Bahá'u'lláh
-----------------------

ആത്മീയഗുണങ്ങള്‍ (#9844)

എന്‍റെ ദൈവമേ, അവിടുത്തെ അനശ്വരതയുടെ മധുരസുഗന്ധിയായ അരുവികളില്‍ നിന്ന് എനിക്കു പാനം ചെയ്യാന്‍ നല്‍കിയാലും. അല്ലയോ എന്‍റെ പ്രതീക്ഷേ! അവിടുത്തെ സത്തയാകുന്ന വൃക്ഷത്തിന്‍റെ ഫലങ്ങളുടെ രുചിനോക്കാന്‍ എന്നെ പ്രാപ്തനാക്കിയാലും. എന്‍റെ തേജസ്സേ, അവിടുത്തെ സ്നേഹത്തിന്‍റെ സ്വച്ഛമായ ഉറവയില്‍ നിന്ന് പാനം ചെയ്യാന്‍ എന്നെ അനുവദിച്ചാലും. അല്ലയോ പ്രകാശമേ! അവിടുത്തെ ശാശ്വതമായ അനുഗ്രഹത്തിന്‍റെ തണലിന്‍കീഴില്‍ ഞാന്‍ വസിക്കട്ടെ. അല്ലയോ എന്‍റെ പ്രിയങ്കരനേ! അവിടുത്തെ സാമിപ്യത്തിന്‍റെ പുല്‍മേടക്കുള്ളില്‍ അവിടുത്തെ സന്നിധിക്കുമുമ്പില്‍, എന്നെ ചുറ്റിത്തിരിയാന്‍ പ്രാപ്തനാക്കിയാലും. എന്‍റെ അഭിലാഷമേ! അവിടുത്തെ ദയയാകുന്ന സിംഹാസനത്തിന്‍റെ വലതുകരത്തില്‍ എന്നെ ഉപവിഷ്ഠനാക്കിയാലും. എന്‍റെ ലക്ഷ്യമേ, അവിടുത്തെ സന്തോഷത്തിന്‍റെ സൗരഭ്യമുള്ള മന്ദമാരുതനില്‍ നിന്ന് ഒരു ഉച്ഛ്വാസം എന്നിലൂടെ കടന്നുപോകട്ടെ. എന്‍റെ ആരാധനയ്ക്കു പാത്രമായവനേ! അവിടുത്തെ യാഥാര്‍ത്ഥ്യമാകുന്ന സ്വര്‍ഗ്ഗത്തിന്‍റെ ഉന്നതിയില്‍ എനിക്കു പ്രവേശനം നേടിത്തന്നാലും. അല്ലയോ തേജസ്സുള്ളവനേ! അവിടുത്തെ ഏകത്വമാകുന്ന പ്രാവിന്‍റെ മധുരഗാനം കേള്‍ക്കാന്‍ എന്നെ അനുവദിച്ചാലും. എന്‍റെ ദൈവമേ! അവിടുത്തെ ശക്തിയുടെയും അവിടുത്തെ പ്രബലതയുടേയും ചൈതന്യത്തില്‍ക്കൂടി എന്നെ ഉണര്‍ത്തിയാലും. എന്‍റെ വിപദ്രക്ഷകനേ! അവിടുത്തെ സ്നേഹത്തിന്‍റെ ചൈതന്യത്തില്‍ എന്നെ ഉറപ്പിച്ചുനിര്‍ത്തിയാലും.എന്‍റെ ദൈവമേ! അവിടുത്തെ സല്‍പ്രീതിയുടെ പാതയില്‍എന്‍റെ ചുവടുകളെ ഉറപ്പിച്ചുനിര്‍ത്തിയാലും. എന്നോടു കാരുണ്യം കാണിക്കുന്നവനേ, അവിടുത്തെ അനശ്വരതയുടെ ഉദ്യാനത്തില്‍, അവിടുത്തെ വദനത്തിനു മുമ്പില്‍ എന്നെ എന്നെന്നും വസിക്കുമാറാക്കിയാലും. എന്‍റെ അധീശനായവനേ! അവിടുത്തെ തേജസ്സിന്‍റെ ഇരിപ്പിടത്തിേډല്‍ എന്നെ ഉറപ്പിച്ചാലും. ഞാന്‍ ആകൃഷ്ടനായ ചൈതന്യദായകനേ! അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ സ്വര്‍ഗ്ഗത്തിലേക്ക് എന്നെ ഉയര്‍ത്തിയാലും. എന്‍റെ ആകര്‍ഷിതനായവനേ! അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ പകല്‍ നക്ഷത്രത്തിനു നേര്‍ക്ക് എന്നെ നയിച്ചാലും. എന്‍റെ ഉല്പത്തിയും എന്‍റെ ഉന്നത അഭിലാഷവുമായവനേ, അവിടുത്തെ അദൃശ്യമായ ചൈതന്യത്തിന്‍റെ വെളിപാടുകള്‍ക്കുമുമ്പില്‍ ഹാജരാകാനായി എന്നോടു കല്‍പിച്ചാലും. എന്‍റെ ദൈവമേ! അങ്ങു പ്രത്യക്ഷപ്പെട്ടിട്ടുള്ള അവിടുത്തെ സൗന്ദര്യസൗരഭ്യത്തിന്‍റെ സത്തയിലേക്ക് തിരിച്ചുവരാന്‍ എനിക്കു ഹേതുവായാലും. അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. സത്യമായും അങ്ങാണ് അതിശ്രേഷ്ഠനും സര്‍വ്വതേജസ്വിയും അത്യുന്നതനും.

-Bahá'u'lláh
-----------------------

ആത്മീയഗുണങ്ങള്‍ (#9840)

എന്‍റെ ദൈവമേ! എന്നിലൊരു നിഷ്ക്കളങ്ക ഹൃദയത്തെ നിര്‍മ്മിക്കേണമേ! എന്‍റെ ആശാകേന്ദ്രമേ! ഒരു പ്രശാന്ത മനഃസാക്ഷിയെ എന്നില്‍ പുതുക്കിപ്പണിയേണമേ! സ്നേഹമയനേ! അവിടുത്തെ ശക്തിയാവഹിച്ചുള്ള അങ്ങയുടെ കാര്യസ്ഥതയില്‍ എന്നെ സ്ഥിതനാക്കേണമേ! എന്‍റെ അഭിവാഞ്ചയുടെ ലക്ഷ്യസ്ഥാനമേ! അവിടുത്തെ മഹത്വത്തിന്‍റെ പ്രഭാപൂരത്താല്‍ എനിക്ക് അങ്ങയുടെ പഥം തെളിയിച്ചുതരേണമേ! എന്‍റെ ഉല്‍പത്തികേന്ദ്രമേ! സര്‍വ്വാതിശായിയായ അവിടുത്തെ ശക്തികൊണ്ട് എന്നെ അങ്ങയുടെ പരിപാവനത്വത്തിന്‍റെ സ്വര്‍ഗ്ഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണമേ! എന്‍റെ ഭഗവാനേ! അവിടുത്തെ അനന്തതയുടെ ഇളം തെന്നലേല്‍പ്പിച്ച് എന്നെ ആഹ്ലാദവാനാക്കേണമേ! എന്‍റെ സഹചരനേ! അവിടുത്തെ അനന്തമായ രാഗങ്ങളാലപിച്ച് എന്നില്‍ പ്രശമതപകരേണമേ! അങ്ങയില്‍ നിന്നന്യമായ അഖിലത്തില്‍ നിന്നും അവിടുത്തെ ചിരപുരാതനമായ അനുഗ്രഹത്തിന്‍റെ വിഭൂതികള്‍ എന്നെ മോചിപ്പിക്കേണമേ! അഭിവ്യക്തരില്‍ വെച്ചഭിവ്യക്തനും അന്തര്‍ഹിതരില്‍ വെച്ചന്തര്‍ഹിതനും ആയവനേ, അവിടുത്തെ അകൃത്രിമ സത്തയുടെ വെളിപാടിന്‍റെ വിവരങ്ങള്‍ എന്നില്‍ ആനന്ദം പകരേണമേ.

-Bahá'u'lláh
-----------------------

ആത്മീയഗുണങ്ങള്‍ (#9843)

എന്‍റെ ദൈവമേ, അവിടുത്തെ സാമിപ്യത്തിലേക്കെത്താനും, അവിടുത്തെ സദസ്സിന്‍റെ സീമകള്‍ക്കുള്ളില്‍ നിലകൊള്ളാനും എന്നെ അനുവദിച്ചാലും. എന്തുകൊണ്ടെന്നാല്‍, അങ്ങയില്‍ നിന്നുള്ള അകലം എന്നെ വളരെയധികം നശിപ്പിക്കുന്നു. അവിടുത്തെ കാരുണ്യത്തിന്‍റെ ചിറകുകളുടെ നിഴലില്‍ വിശ്രമിക്കാന്‍ എന്നെ പ്രേരിപ്പിച്ചാലും. എന്തുകൊണ്ടെന്നാല്‍, അങ്ങയില്‍ നിന്നുള്ള എന്‍റെ വേര്‍പാടിന്‍റെ ജ്വാല എന്നിലുള്ള എന്‍റെ ഹൃദയത്തെ ഉരുക്കുന്നു. ജീവന്‍ തന്നെയായ നദിയുടെ സാമിപ്യത്തിലേക്ക് എന്നെ അടുപ്പിച്ചാലും. എന്തുകൊണ്ടെന്നാല്‍, അങ്ങയ്ക്കുവേണ്ടിയുള്ള അതിന്‍റെ അന്തമറ്റ തെരച്ചിലില്‍ എന്‍റെ ആത്മാവ് ദാഹിച്ചുവലയുന്നു. എന്‍റെ ദൈവമേ, എന്‍റെ നെടുവീര്‍പ്പുകള്‍ എന്‍റെ ദുഃഖത്തിന്‍റെ കയ്പ് വിളിച്ചോതുന്നു. ഞാന്‍ ചൊരിയുന്ന കണ്ണുനീര്‍ അങ്ങയോടുള്ള എന്‍റെ സ്നേഹത്തിനു സാക്ഷ്യം വഹിക്കുന്നു.
അവിടുന്നു സ്വയം സ്തുതിക്കുന്ന ആ സ്തുതിയാലും അവിടുത്തെ സ്വന്തം സത്തയെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തിയാലും അങ്ങയെ തിരിച്ചറിഞ്ഞിട്ടുള്ളവരുടെയും അവിടുത്തെ ദിനങ്ങളില്‍ അവിടുത്തെ പരമാധികാരത്തെ സ്വീകരിച്ചവരുടെയും ഇടയില്‍ ഞങ്ങള്‍ എണ്ണപ്പെടുമാറാകാന്‍ അനുവദിക്കണമെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ, കാരുണ്യത്തിന്‍റെ വിരലുകളില്‍ നിന്ന് അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ ജീവജലം പാനം ചെയ്യാന്‍ ഞങ്ങളെ സഹായിച്ചാലും. അങ്ങനെ അങ്ങൊഴികെയുള്ള മറ്റെല്ലാറ്റിനെയും ഞങ്ങള്‍ പൂര്‍ണ്ണമായും മറന്ന്, അവിടുത്തെ സത്തയില്‍ മാത്രം വ്യാപൃതരാകട്ടെ. അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. പ്രബലനും വിപദ്രക്ഷകനും സ്വയം വര്‍ത്തിയുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
എല്ലാ അരചന്മാര്‍ക്കും അരചനായവനേ, അവിടുത്തെ നാമം പ്രകീര്‍ത്തിതമാകട്ടെ!

-Bahá'u'lláh
-----------------------

ആത്മീയഗുണങ്ങള്‍ (#9845)

ദൈവമേ, എന്‍റെ ആത്മാവിനെ നവീകൃതവും സന്തുഷ്ടവും ആക്കേണമേ! എന്‍റെ ഹൃദയത്തെ പരിശുദ്ധവും എന്‍റെ കഴിവുകളെ പ്രകാശഭരിതവുമാക്കേണമേ! എന്‍റെ എല്ലാ കാര്യങ്ങളും അങ്ങയുടെ കയ്യില്‍ ഞാന്‍ അര്‍പ്പിക്കുന്നു. അങ്ങെന്‍റെ വഴികാട്ടിയും അഭയസങ്കേതവുമത്രെ. ഇനിയൊരിക്കലും ഞാന്‍ സന്തപ്തനും അവശനും ആയിരിക്കില്ല. മറിച്ച്, തൃപ്തനും ആഹ്ലാദവാനും ആയിരിക്കും. ദൈവമേ! ഇനിയൊരിക്കലും ഞാന്‍ ആകാംക്ഷാഭരിതനായിരിക്കില്ല. അലട്ടുകളുടെ പിടിയിലമരാന്‍ എന്നെ ഞാന്‍ അനുവദിക്കയില്ല. ജീവിതത്തിന്‍റെ അസുഖകരങ്ങളായ വസ്തുക്കളിന്‍മേല്‍ മേലില്‍ ഞാന്‍ അടയിരിക്കില്ല. 
ദൈവമേ! എനിക്ക് എന്നോടെന്നതിനേക്കാളും ദയയുണ്ട് അങ്ങയ്ക്ക് എന്നോട്. പ്രഭോ! ഞാന്‍ എന്നെ സ്വയം അങ്ങയ്ക്കായര്‍പ്പിക്കുന്നു.

-`Abdu'l-Bahá
-----------------------

ആത്മീയഗുണങ്ങള്‍ (#9846)

എന്‍റെ പ്രഭോ! എന്‍റെ പ്രഭോ! അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാലയാല്‍ കൊളുത്തപ്പെട്ടതും അവിടുത്തെ ദയയുടെ വൃക്ഷത്തില്‍ ജ്വലിക്കപ്പെടുന്ന ജ്വാലയാല്‍ മിന്നിത്തിളങ്ങുന്നതും ആയ ഒരു വിളക്കാണിത്. എന്‍റെ പ്രഭോ! അവന്‍റെ ജ്വലിപ്പിക്കലും താപവും ജ്വാലയും അവിടുത്തെ അവതാരത്തിന്‍റെ സിനായിയില്‍ കത്തിച്ച അഗ്നികൊണ്ട് വര്‍ദ്ധിപ്പിച്ചാലും. സത്യമായും അങ്ങാണ് സ്ഥിരീകരിക്കുന്നവനും തുണയ്ക്കുന്നവനും ശക്തനും ഉദാരമതിയും സ്നേഹമയനും.

-`Abdu'l-Bahá
-----------------------

ആത്മീയഗുണങ്ങള്‍ (#9847)

എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! അവിടുത്തെ ഈ സേവകന്‍ അങ്ങയിലേക്ക് അടുക്കുകയും, അവിടുത്തെ സ്നേഹത്തിന്‍റെ മരുഭൂമിയില്‍ തീക്ഷ്ണമായി അലഞ്ഞുതിരിയുകയും, അവിടുത്തെ സേവനത്തിന്‍റെ പാതയില്‍ നടക്കുകയും, അവിടുത്തെ ആനുകൂല്യങ്ങളെ മുന്‍കൂട്ടി അനുഭവിക്കുകയും, അവിടുത്തെ ഔദാര്യത്തെ പ്രതീക്ഷിക്കുകയും, അവിടുത്തെ സാമ്രാജ്യത്തെ ആശ്രയിക്കുകയും, അവിടുത്തെ സമ്മാനമാകുന്ന വീഞ്ഞിനാല്‍ മത്തനാവുകയും ചെയ്യുന്നു. എന്‍റെ ദൈവമേ! അങ്ങയോടുള്ള അവന്‍റെ സ്നേഹത്തിന്‍റെ തീവ്രതാപത്തേയും അങ്ങയോടുള്ള അവന്‍റെ സ്തുതിയുടെ നൈരന്തര്യത്തെയും അങ്ങയ്ക്കുവേണ്ടിയുള്ള അവന്‍റെ സ്നേഹത്തിന്‍റെ തീക്ഷ്ണതയേയും വര്‍ദ്ധിപ്പിച്ചാലും.
സത്യമായും, അങ്ങാണ് അത്യുദാരനും നിറയുന്ന കാരുണ്യത്തിന്‍റെ പ്രഭുവും. ക്ഷമിക്കുന്നവനും ദയാപരനുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-`Abdu'l-Bahá
-----------------------

ആത്മീയഗുണങ്ങള്‍ (#9848)

ദൈവമേ! ഞങ്ങള്‍ ദുര്‍ബ്ബലരാണ്. ഞങ്ങള്‍ക്കു ശക്തി നല്‍കിയാലും. ഞങ്ങള്‍ അജ്ഞരാണ്. ഞങ്ങള്‍ക്ക് അറിവ് നല്‍കിയാലും. ദൈവമേ! ഞങ്ങള്‍ പാവങ്ങള്‍ ആണ്. ഞങ്ങള്‍ക്കു ധന്യതയേകിയാലും. ഈശ്വരാ! മൃതരായ ഞങ്ങളെ ഉണര്‍ത്തിയാലും. ദൈവമേ! ഞങ്ങള്‍ അപകര്‍ഷത തന്നെയാണ്. അവിടുത്തെ സാമ്രാജ്യത്തില്‍ ഞങ്ങള്‍ക്കു മഹത്വം നല്‍കിയാലും. അവിടുന്നു ഞങ്ങളെ തുണയ്ക്കുമെങ്കില്‍ ഞങ്ങള്‍ വെട്ടിത്തിളങ്ങുന്ന താരങ്ങളെപ്പോലെയാകും! ഇല്ലെങ്കിലോ, ഞങ്ങള്‍ മണ്ണിനേക്കാള്‍ അധോഗതിയാകും.  ദൈവമേ! ഞങ്ങള്‍ക്ക് ശക്തി നല്‍കേണമേ. ദൈവമേ! ഞങ്ങളെ വിജയികളാക്കേണമേ. അഹങ്കാരത്തെയും അഭിനിവേശത്തെയും കീഴടക്കുവാന്‍, ദൈവമേ! ഞങ്ങള്‍ക്കു ശക്തി നല്‍കേണമേ. ഐഹികമായ ബന്ധനങ്ങളില്‍ നിന്നും, ദൈവമേ, ഞങ്ങളെ മുക്തരാക്കേണമേ. വിശുദ്ധാത്മ നിശ്വാസത്താല്‍ ഞങ്ങളെ ഉണര്‍ത്തുക. അങ്ങയുടെ സേവനത്തിനായി ഞങ്ങള്‍ ഉണരട്ടെ! അങ്ങയെ പൂജിക്കുന്നതില്‍ മുഴുകട്ടെ. ഭഗവാനേ! സര്‍വ്വശക്തനാണങ്ങ്, ദൈവമേ! എല്ലാം ക്ഷമിക്കുന്നവനും ദയാപരനുമാണങ്ങ്.

-`Abdu'l-Bahá
-----------------------

